മലപ്പുറം വണ്ടൂരിൽ വിവാഹ സൽക്കാരത്തിൽ വിതരണം ചെയ്ത കുപ്പി വെള്ളത്തിൽ എട്ടുകാലി. തമിഴ്നാട് ആസ്ഥാനമായുള്ള കമ്പനിക്ക് പെരിന്തൽമണ്ണ RDO ഒരു ലക്ഷം രൂപ പിഴ ചുമത്തി.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ വണ്ടൂരിലെ സ്വകാര്യ റസ്റ്റോറന്റിൽ നടന്ന വിവാഹ സൽക്കാരത്തിൽ ഭക്ഷണത്തിന്റെ കൂടെ നൽകിയ കുപ്പിവെള്ളത്തിലാണ് ചത്ത എട്ടുകാലിയെ ചിലന്തി വല സഹിതം കണ്ടെത്തിയത്. വിവാഹ സൽക്കാരത്തിൽ കുപ്പി വെള്ളം ലഭിച്ച വ്യക്തി റസ്റ്റോറന്റ് അധികൃതരെ തിരികെ ഏൽപ്പിക്കുകയായിരുന്നു. റസ്റ്റോറന്റ് അധികൃതർ വണ്ടൂർ ഫുഡ് സേഫ്റ്റി ഓഫീസർക്ക് പരാതി നൽകി. ഫുഡ് സേഫ്റ്റി ഓഫീസർ കെ ജസീല പരാതി പരിശോധിച്ച് കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാണക്കമ്പനിക്കെതിരേ കേസെടുക്കുകയായിരുന്നു. തുടർന്ന് ഹിയറിങ്ങിന് എത്തിയ കമ്പനി അധികൃതർ ചത്ത എട്ടുകാലിയെ കമ്പനിയെ തകർക്കുന്നതിനായി കുപ്പിയിൽ ഇട്ടതാണെന്നടക്കമുള്ള വാദങ്ങൾ നിരത്തി . എന്നാൽ വല കുപ്പിക്കകത്ത് ഒട്ടിപ്പിടിച്ച നിലയിലായത് തിരിച്ചടിയായി.
നിർമ്മാതാക്കളും വിതരണക്കാരും വിൽപ്പനക്കാരും ഉൾപ്പെടെ ഈ ശൃംഖലയിൽപ്പെട്ടവർക്കെല്ലാം ഇക്കാര്യത്തിൽ തുല്യ ഉത്തരവാദിത്തമാണെന്ന് ആർടിഒ കോടതി നിരീക്ഷിക്കുകയായിരുന്നു. തുടർന്നാണ് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്.