ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ 23 യുവാക്കള്‍ ചേർന്ന് 19 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി. ഏപ്രിൽ 6 നാണ് പെൺകുട്ടിയുടെ കുടുംബം ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകുന്നത്. മാർച്ച് 29 നും ഏപ്രിൽ 4 നും ഇടയിൽ, ആറ് ദിവസത്തിനിടെ പലയിടങ്ങളിലായി കൂട്ടബലാത്സംഗം ചെയ്തതായി പരാതിയിൽ പറയുന്നു. രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികൾക്കെതിരെ 'കർശന നടപടി' സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസിലെ 23 പ്രതികളിൽ 12 പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മാർച്ച് 29 ന് പെണ്‍കുട്ടി സുഹൃത്തായ യുവാവിനൊപ്പം പുറത്തുപോയതായും വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് ഏപ്രിൽ 4 ന് കുടുംബം കുട്ടിയെ കാണാതായതായി പരാതി നല്‍കുകയുമായിരുന്നു. സുഹൃത്തിനൊപ്പം വാരണാസിയിലെ പിശാച് മോചന്‍ എന്ന സ്ഥലത്തെ ബാറിലാണ് പെണ്‍കുട്ടി എത്തിപ്പെട്ടത്. . ഇവിടെ വച്ച് പ്രതികള്‍ ശീതളപാനീയത്തില്‍ ലഹരി നല്‍കി പെണ്‍കുട്ടിയെ ബോധം കെടുത്തുകയും വിവിധ ഹോട്ടലുകളിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്തവരിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടവരും മുൻ സുഹൃത്തുക്കളുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
മാർച്ച് 29 നാണ് രാജ് വിശ്വകർമ എന്ന യുവാവ് പെണ്‍കുട്ടിയെ തന്‍റെ കഫേയിലെത്തിച്ച് പീഡിപ്പിച്ചത് . ഇയാളുടെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു . 30 ന്, സമീര്‍ എന്ന യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും പരാതിയിലുണ്ട്. തുടര്‍ന്ന് പെണ്‍കുട്ടിയെ നടേശറിൽ ഉപേക്ഷിച്ചു. മാർച്ച് 31 ന്, ആയുഷ്, സൊഹൈൽ, ഡാനിഷ്, അൻമോൾ, സാജിദ്, സാഹിർ എന്നീ അഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് സിഗ്രയിലെ കോണ്ടിനെന്റൽ കഫേയിലെത്തിച്ച് ലഹരി നല്‍കി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. അടുത്ത ദിവസം, ഏപ്രിൽ 1 ന്, സാജിദും സുഹൃത്തും ചേർന്ന് പെൺകുട്ടിയെ ഹോട്ടലിലെത്തിച്ചതായും മറ്റ് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതായും പെൺകുട്ടിയുടെ അമ്മ പരാതിയില്‍ പറയുന്നു.
ഇവര്‍ വഴിയില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ ഇമ്രാന്‍ എന്ന മറ്റൊരു യുവാവ് ഹോട്ടലിലെത്തിച്ച് മദ്യം നൽകി ബലാത്സംഗം ചെയ്തു. എന്നാൽ, പെണ്‍കുട്ടി നിലവിളിച്ചപ്പോൾ അവളെ ഹോട്ടലിന് പുറത്ത് ഉപേക്ഷിച്ചു. ഏപ്രിൽ 2 ന്, രാജ് ഖാൻ എന്നയാൾ പെൺകുട്ടിയെ ഹുകുൽഗഞ്ചിലെ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി ലഹരി നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും നിലവിളിച്ചപ്പോൾ അസ്സി ഘട്ടിൽ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു. ഏപ്രിൽ 3 ന്, ഡാനിഷ് വീണ്ടും പെണ്‍കുട്ടിയെ തന്‍റെ സുഹൃത്തിന്‍റെ മുറിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് സൊഹൈലും ഷോയിബും മറ്റൊരാളും ചേർന്ന് മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു. തുടർന്ന് ചൗഘട്ടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
സ്വന്തം മണ്ഡലത്തിൽ ഉണ്ടായ സംഭവം വലിയ വിമർശനങ്ങൾക്കാണ് തിരികൊളുത്തിയത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ ഉചിതമായ നടപടികൾ നടപ്പിലാക്കാനും നിർദ്ദേശിച്ചതായി ഉത്തർപ്രദേശ് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു. കേസില്‍ രാജ് വിശ്വകർമ, സമീർ, ആയുഷ്, സൊഹൈൽ, ഡാനിഷ്, അൻമോൾ, സാജിദ്, സാഹിർ, ഇമ്രാൻ, ജയ്ബ്, അമൻ, രാജ് ഖാൻ എന്നിവരെയാണ് പിടികൂടിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.