കളമശ്ശേരി മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിനി അമ്പിളി ആത്മഹത്യ ചെയ്തത് സഹപാഠികളുടെയും ഹോസ്റ്റൽ വാർഡിന്റെയും മാനസിക പീഡനംമൂലമെന്ന് കുടുംബം. അമ്പിളി മാനസികരോഗിയാണെന്ന് വരുത്തിതീർക്കാനുള്ള ആസൂത്രിതമായ ശ്രമം നടക്കുന്നതായും കുടുംബം ആരോപിക്കുന്നു.
കാസർകോട് ഉദിനൂർ തടിയൻകൊവ്വലിലെ പി.പി.അമ്പിളിയെ ഈ മാസം 5 നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാത്രി 11 മണിയോടെ ഹോസ്റ്റല്‍ മുറിയിലെ ഫാനിൽ അമ്പിളിയെ തൂങ്ങിയ നിലയിൽ സഹപാഠി കണ്ടെത്തിയെന്നാണ് കുടുംബത്തെ അറിയിച്ചത്. എന്നാൽ പുലർച്ചെ 2.12 വരെ അമ്പിളിയുടെ ഫോൺ ഉപയോഗിച്ചതായി തെളിവുണ്ടെന്ന് കുടുംബം പറയുന്നു.
ഹോസ്റ്റൽ മുറിയിലെ സാധനങ്ങൾ അമ്പിളിയുടെ ബാഗിനകത്ത് ഒളിപ്പിച്ചുവെക്കുക പിന്നീട് കാണാതായതായി പരാതി നൽകുക, ഒറ്റപ്പെടുത്തി മാനസികമായി പീഡിപ്പിക്കുക, പഠനം തടസ്സപ്പെടുത്തുക തുടങ്ങിയവയാണ് സഹപാഠികൾക്കെതിരെ കുടുംബത്തിന്റെ ആരോപണം. കോളജ് പ്രൊഫസർ കൂടിയായ ഹോസ്റ്റൽ വാർഡൻ സഹപാഠികളുടെ ക്രൂരതയ്ക്ക് കൂട്ടുനിന്നതായും കുടുംബം ആരോപിക്കുന്നു. അമ്പിളി മാനസികരോഗിയാണെന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നാണ് കുടുംബത്തിന്‍റെ പരാതി. മരണത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അമ്മ .ഗീത മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.