രണ്ടരവര്‍ഷമായിട്ടും തങ്ങള്‍ക്ക് നീതികിട്ടിയില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി വിഭാഗത്തില്‍ പെട്ട വിശ്വനാഥന്‍റെ അമ്മ മനോരമന്യൂസിനോട് പറഞ്ഞു. മകന് ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും കേസില്‍ പുനരാന്വേഷണമാവശ്യപ്പെട്ട് കോടതി കയറിയിറങ്ങുകയാണെന്നും കുടുംബം പ്രതികരിച്ചു. അതിനിടെ വിശ്വനാഥന്‍റെ ഭാര്യ ബിന്ദുവിനു താല്‍കാലിക ജോലി നല്‍കാമെന്ന വാഗ്‌ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല.
2023 ഫെബ്രുവരിയിലാണ് കല്‍പ്പറ്റ അഡ്‌ലോഡ് സ്വദേശി വിശ്വനാഥന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലേക്ക് പോയ വിശ്വനാഥനെ പിന്നീട് തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആള്‍കൂട്ട വിചാരണക്ക് ഇരയായതിന്‍റെ മനോവിഷമത്തില്‍ വിശ്വനാഥന്‍ ജീവനൊടുക്കയായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ പൊലീസും ക്രൈംബ്രാഞ്ചും ആരോപണം തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. വിഷയത്തില്‍ പുനരാന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിട്ട് രണ്ടര കൊല്ലമായി. മകന്‍റെ മരണത്തില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ കാത്തിരിക്കുകയാണ് വിശ്വനാഥന്‍റെ അമ്മ
പുനരാന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചപ്പോഴെല്ലാം മനപൂര്‍വം അവഗണിക്കപ്പെട്ടെന്നും കാലമിത്രയായിട്ടും തങ്ങള്‍ക്ക് നീതികിട്ടിയില്ലെന്നും വിശ്വനാഥന്‍റെ സഹോദരന്‍ വിനോദും പ്രതികരിച്ചു.
മരണത്തിലെ ദുരൂഹതയുണ്ടെന്നും സുതാര്യമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബം കടം വാങ്ങിയും കോടതി കയറിയിറങ്ങുകയാണ് കുടുംബം. അതിനിടെ വിശ്വനാഥന്‍റെ ഭാര്യ ബിന്ദുവിനു താല്‍കാലിക ജോലി നല്‍കുമെന്നതടക്കമുള്ള വാഗ്‌ദാനങ്ങളൊക്കെ വെറുംവാക്കായി. ഒന്നും നടന്നില്ല..