തുണിത്തരങ്ങള്‍ എന്ന വ്യാജേന കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ ഇരുപത്തി മൂന്ന് കിലോ കഞ്ചാവുമായി രണ്ട് ഒഡീഷക്കാര്‍ അറസ്റ്റില്‍. വാളയാറിലെ എക്സൈസ് പരിശോധനയിലാണ് ഒഡീഷ കാന്തമല്‍ സ്വദേശികളായ ആനന്ദ് മാലിക്, കേദാര്‍ മാലിക്ക് എന്നിവര്‍ പിടിയിലായത്. അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ച് 24 മണിക്കൂറും നീളുന്ന പരിശോധന തുടരുന്നതായി പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
മടക്കിവച്ച തുണിത്തരം പോലെ. ഓരോ കിലോയും പ്രത്യേകം കട്ടകളാക്കി പൊതിഞ്ഞ് ബാഗിനുള്ളില്‍ അടുക്കി. കഞ്ചാവിന്‍റെ മണം പുറത്ത് വരാതിരിക്കാന്‍ സുഗന്ധ ദ്രവ്യങ്ങള്‍ ഉള്‍പ്പെടെ തളിച്ചാണ് സൂക്ഷിച്ചിരുന്നത്. ട്രെയിനിലും പിന്നീട് ബസിലും യാത്ര ചെയ്ത് കോയമ്പത്തൂരിലെത്തി. കെഎസ്ആര്‍ടിസി ബസില്‍ വാളയാര്‍ അതിര്‍ത്തി കടന്നതിന് പിന്നാലെയാണ് എക്സൈസ് പിടികൂടിയത്. ജോലി തേടി പോകുന്നതാണെന്നും ബാഗിനുള്ളില്‍ വസ്ത്രങ്ങളാണെന്നും ഇരുവരും ആദ്യഘട്ടത്തില്‍ മൊഴിനല്‍കി. യാത്രാ ലക്ഷ്യവും വരവിനെക്കുറിച്ചുള്ള ചോദ്യങ്ങളോടും പരസ്പരവിരുദ്ധമായി പ്രതികരിച്ചതോടെ സംശയമായി. തുടര്‍ന്നുള്ള വിശദമായ പരിശോധനയിലാണ് തുണിയല്ല ബാഗിലുള്ളത് കഞ്ചാവാണെന്ന് തെളിഞ്ഞത്.
ഇരുവരും സുഹൃത്തുക്കളായ അതിഥി തൊഴിലാളികള്‍ക്ക് കൈമാറാന്‍ എത്തിച്ച കഞ്ചാവെന്നാണ് പ്രാഥമിക നിഗമനം. ഫോണ്‍വിളി രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ച് കൂടുതലാളുകളെ കണ്ടെത്താനുള്ള ശ്രമവും എക്സൈസ് തുടങ്ങിയിട്ടുണ്ട്. കേരള, തമിഴ്നാട് അതിര്‍ത്തി ചെക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പരിശോധനയുണ്ടാവും.
ട്രെയിന്‍ മാര്‍ഗം എത്തുന്നവര്‍ പലരും പരിശോധനയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് റോഡ് മാര്‍ഗത്തിലൂടെയും അതിര്‍ത്തി കടക്കുന്നത്. ഇങ്ങനെ ലഹരികടത്താന്‍ ശ്രമിക്കുന്നവരെ കുടുക്കാന്‍ സംയുക്ത ഉദ്യോഗസ്ഥ പരിശോധനയും വൈകാതെ തിക്കേറിയ ഇടങ്ങളില്‍ നടപ്പാക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.