ആലപ്പുഴ മെഡികോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചതിൽ ആശുപത്രിയുടെ അനാസ്ഥയെന്ന പരാതിയുമായി കുടുംബം. ആലപ്പുഴ പുന്നപ്ര സ്വദേശിനി തസ്നി താജുദീൻ ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ ആയ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിക്കാതെ വാർഡിലേക്ക് മാറ്റിയെന്ന് ഭർത്താവ് താജുദ്ദീൻ മനോരമ ന്യൂസിനോട് പറഞ്ഞു.
വ്യക്ക രോഗിയായ തസ്നിയെ ശ്വാസം മുട്ടലിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഡയാലിസിസ് നൽകി. ഡയാലിസിസ് നടത്തുന്നതിനിടെ ചർദ്ദി ഉണ്ടാകുകയും രക്തസമ്മർദം ഉയരുകയും ചെയ്തു. തലച്ചോറിൽ രക്തസ്രാവമുണ്ടായെന്ന് സ്കാനിങ്ങിൽ കണ്ടെത്തിയിട്ടും ഐസിയുവിലേക്ക് മാറ്റിയില്ലെന്നും വാർഡിൽ തന്നെ കിടത്തിയെന്നുമാണ് കുടുംബത്തിൻ്റെ പരാതി. ഐസിയുവിൽ ബെഡ് ഒഴിവില്ലെന്ന് അറിയിച്ചുവെന്ന് ഭർത്താവ് താജുദീൻ മനോരമ ന്യൂസിനോട് പറഞ്ഞു.
മൽസ്യ വിൽപനക്കാരനാണ താജുദ്ദീൻ. രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. ഐസിയു ബെഡ് ഒഴിവുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകാൻ പണമില്ലായിരുന്നുവെന്ന് ഭർത്താവ് താജുദ്ദീൻ പറയുന്നു. ആശുപത്രി സൂപ്രണ്ടിനും പൊലീസിനും പരാതി നൽകുമെന്ന് താജുദ്ദീൻ അറിയിച്ചു.