ബെംഗളുരു നഗരത്തെ ഞെട്ടിച്ചു വീണ്ടും മിശ്ര സമുദായങ്ങളില്‍പെട്ട കമിതാക്കള്‍ക്കുനേരെ ആക്രമണം. നഗരത്തിലെ പാര്‍ക്കില്‍ ഒന്നിച്ചിരിക്കുകയായിരുന്ന യുവതിയെയും യുവാവിനെയും ജനക്കൂട്ടം ആക്രമിച്ചു. യുവതിയുടെ മുഖപടം നിര്‍ബന്ധിച്ചു മാറ്റാന്‍ ശ്രമമുണ്ടായി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വ്യത്യസ്ത സമുദായങ്ങളില്‍പെടുന്ന കമിതാക്കള്‍ക്കുനേരെയാണ് ആക്രമണം. ഒരാഴ്ചക്കിടെ നഗരത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപെടുന്ന രണ്ടാമത്തെ സംഭവമാണിത്. സ്ഥലവും സമയവും വ്യക്തമല്ല. മുഖപടം ഇട്ട പെൺകുട്ടിയെ സമീപിച്ച് ആള്‍ക്കൂട്ടം പേരും വിവരങ്ങളും ചോദിക്കുന്നതു പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്തിനു ഹിന്ദു യുവാവിനൊപ്പം നടക്കുന്നുവെന്ന് സംഘത്തിലെ ആള്‍ ആവർത്തിച്ച് ചോദിക്കുന്നതും പ്രശ്നമുണ്ടാക്കരുതെന്ന് യുവതി കെഞ്ചുന്നതും വിഡിയോയിലുണ്ട്.
സമുദായ നേതാക്കൾ വരും കാത്തിരിക്കൂ ബാക്കി അവർനോക്കികോളും എന്ന ഭീഷണിയും ഉണ്ടായി. ബെംഗളുരു പോലീസിനെ ടാഗ് ചെയ്തു എക്‌സിൽ പോസ്റ്റ് ചെയ്യപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ദിവസങ്ങള്‍ക്കു മുന്‍പ് ചന്ദ്ര ലേയൗട്ടില്‍ സമാന രീതിയിൽ ഇതര മതവിഭാഗങ്ങളിൽ പെട്ട കമിതാക്കള്‍ക്കുനേരെ സദാചാര ആക്രണമുണ്ടായിരുന്നു. യുവതിയുടെ പരാതിയിൽ പ്രായപൂര്‍ത്തിയാവാത്തയാളടക്കം 6 പേര്‍ അറസ്റ്റിലായിരുന്നു.