പ്രതീകാത്മക ചിത്രം.
ഇരുപത്തിരണ്ടുകാരനായ യുവാവിന്‍റെ ജനനേന്ദ്രിയം കാമുകിയും കാമുകിയുടെ നാല് സഹോദരന്മാരും ചേര്‍ന്ന് മുറിച്ചെടുത്തുവെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. മകനെ പ്രണയച്ചതിയില്‍ പെടുത്തുകയായിരുന്നു എന്നാണ് യുവാവിന്‍റെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. ഇരുകുടുംബങ്ങളും തമ്മില്‍ കാലങ്ങളായി ചില പ്രശ്നങ്ങളുണ്ട്. അതിന് മകനെ ബലിയാടാക്കി എന്നാണ് യുവാവിന്‍റെ കുടുംബം പറയുന്നത്.
രാത്രി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും തടയാന്‍ ശ്രമിക്കവേ ജനനേന്ദ്രിയം മുറിച്ചെടുക്കുകയായിരുന്നു എന്നുമാണ് യുവതി പൊലീസില്‍ പറഞ്ഞത്. മിഥുന്‍ കുമാര്‍ എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. മിഥുനെക്കാള്‍ എട്ടു വയസ്സ് കൂടുതലുണ്ട് യുവതിക്ക്. ഇരുവരും തമ്മില്‍ രണ്ടു വര്‍ഷത്തോളമായി ഫോണിലൂടെ സ്ഥിരം സംസാരിക്കുന്നുണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മിഥുന്‍റെ വീടിനോട് ചേര്‍ന്ന് രണ്ട് വീടുകള്‍ക്കപ്പുറമാണ് യുവതി താമസിച്ചിരുന്നത്. കൃഷിയിടത്ത് നിന്ന് ജോലികള്‍ കഴിഞ്ഞ് തിരികെ വരികയായിരുന്ന മിഥുനെ യുവതി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
യുവതി വിളിച്ചതനുസരിച്ച് മിഥുന്‍ വീട്ടിലെത്തി, പക്ഷേ യുവതിക്കൊപ്പം നാല് സഹോദരന്മാരും കാത്തിരിക്കുന്നുണ്ടായിരുന്നു. ഇവര്‍ മിഥുനെ ക്രൂരമായി തല്ലിച്ചതച്ചു. മിഥുനെ ബലമായി പിടിച്ചുവച്ച ശേഷം സഹോദരിയോട് ജനനേന്ദ്രിയം മുറിച്ചെടുക്കാന്‍ സഹോദരന്മാര്‍ പറയുകയായിരുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. രക്തം വാര്‍ന്ന് അവശനായ യുവാവിനെ ഇവര്‍ വീടിനു വെളിയിലേക്കിട്ടു.
ചോരവാര്‍ന്നു കിടക്കുന്ന മിഥുനെ സമീപവാസിയാണ് കണ്ടത്. ഉടന്‍ ഇയാള്‍ വിവരം മിഥുന്‍റെ വീട്ടിലറിയിച്ചു. നിലവില്‍ ഗുരുതരാവസ്ഥയിലുള്ള മിഥുന്‍ ചികിത്സയില്‍ തുടരുകയാണ്. അമിത രക്തസ്രാവം കാരണം യുവാവ് ഓര്‍മ വീണ്ടെടുത്തിട്ടില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് യുവതിയും കുടുംബവും പൊലീസില്‍ മറ്റൊരു പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.