രാജസ്ഥാനില്‍ ദളിത് യുവാവിനെ ക്രൂരമായി ആക്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത് യുവാക്കള്‍. ഏപ്രിൽ 8 ന് സിക്കാറിലെ ഫത്തേപൂർ പ്രദേശത്താണ് സംഭവം. വീടിന് സമീപം വിവാഹ ഘോഷയാത്ര കണ്ടുകൊണ്ടുനില്‍ക്കുകയായിരുന്ന 19 കാരനാണ് ആക്രമണത്തിനും ബലാല്‍സംഗത്തിനും ഇരയായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... വിവാഹ ഘോഷയാത്ര കണ്ടുകൊണ്ടുനില്‍ക്കുകയായിരുന്ന യുവാവിനെ രണ്ട് പേർ അടുത്തുള്ള ബസ് സ്റ്റാൻഡിന് സമീപത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് യാതൊരു പ്രകോപനവും കൂടാതെ മർദിക്കുകയും യുവാവിന്‍റെ ശരീരത്തില്‍ മൂത്രമൊഴിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ആക്രമണത്തിന്‍റെ മാനസികാഘാതത്തില്‍ നിന്ന് ഇനിയും മുക്തനാകാത്ത യുവാവ് ഒടുവില്‍ കുടുംബത്തോട് വിവരം തുറന്നുപറയുകയും കുടുംബം പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
ഇരുവരും ചേര്‍ന്ന് 16കാരന്‍റെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ മര്‍ദിക്കുകയും വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. യുവാക്കള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് 19കാരന്‍റെ മൊഴി. ‘അവർ എന്നെ കുപ്പി കൊണ്ട് അടിക്കുകയും, എന്റെ മേൽ മൂത്രമൊഴിക്കുകയും, ജാതി അധിക്ഷേപം നടത്തുകയും ചെയ്തു’. മര്‍ദിക്കുന്നതിന്‍റെയും ബലാല്‍സംഗം ചെയ്യുന്നതിന്‍റേയും വിഡിയോ റോക്കോര്‍ഡ് ചെയ്യുകയും സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തായി പൊലീസ് അറിയിച്ചു. 19 കാരന്‍റെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം സംസ്ഥാനത്തെ ഇന്നത്തെ ക്രമസമാധാന നില തുറന്നുകാട്ടുന്നതാണെന്നും ഇത് ഒരു സിനിമാ രംഗമല്ല ലജ്ജാകരമായ യാഥാർഥ്യമാണെന്നും പ്രതിപക്ഷ നേതാവ് ടികാ റാം ജൂലി പ്രതികരിച്ചു.