പ്രതി ബിതിഷ് ഹജോങ് (വലത്തേയറ്റം).
ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വീട്ടുവഴക്ക് കലാശിച്ചത് കൊലപാതകത്തില്‍. മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ഭാര്യയുടെ തല ഭര്‍ത്താവ് അറുത്തെടുത്തു. ശേഷം ഇതുമായി നേരെ പൊലീസ് സ്റ്റേഷനിലെത്തി. അസമിലെ ചിരാങ് ജില്ലയിലാണ് സംഭവം. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ ദിവസം രാത്രി ബിതിഷ് ഹജോങ് എന്നയാളും ഭാര്യ ബജന്തിയുമായി ചില തര്‍ക്കങ്ങളുണ്ടായി. ഇതേതുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. രക്തം വാര്‍ന്നൊഴുകുന്ന തലയെടുത്ത് ബിതിഷ് തന്‍റെ സൈക്കിളിന്‍റെ മുന്നിലുള്ള കുട്ടയിലിട്ടു. അതുമായി നേരെ ബല്ലംഗുരി ഔട്ട്പോസ്റ്റിലുള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്നും വഴക്കാണെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. സംഭവദിവസം രാത്രിയും ഇരുവരും തമ്മില്‍ വീട്ടില്‍ വലിയ വഴക്കായിരുന്നു. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നയാളാണ് ബിതിഷ്. ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.