എറണാകുളം ചോറ്റാനിക്കര അമ്പലത്തിൽ നിന്ന് കാണാതായ തമിഴ് യുവാവിനെ തിരഞ്ഞ് കണ്ണീരോടെ കുടുംബം. ചോറ്റാനിക്കര പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച കുടുംബം ആലുവ റൂറൽ എസ്.പിക്ക് പരാതി നൽകി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ചോറ്റാനിക്കര പോലീസ് വ്യക്തമാക്കി.
ചോറ്റാനിക്കര അമ്പലത്തിൽ ഭജനക്കിരുന്ന 23 കാരൻ കൈലാസ് കുമാറിനെയാണ് വിഷുദിനത്തിൽ കാണാതായത്. മാനസിക വെല്ലുവിളി നേരിടുന്ന മകനെ കാണാനില്ലെന്ന് തമിഴ്നാട് കരൈകുടി സ്വദേശികളായ മാതാപിതാക്കൾ ചോറ്റാനിക്കര പൊലീസിൽ അന്നുതന്നെ പരാതിയും നൽകി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചു എന്നാണ് കുടുംബത്തിന്റെ ആരോപണം.
ആലുവ റൂറൽ എസ്പിക്ക് പരാതി നൽകിയ കുടുംബം ജില്ലാ കലക്ടറെ നേരിട്ടു കാണാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ആറ് ദിവസമായി ചോറ്റാനിക്കരയിലും സമീപപ്രദേശങ്ങളിലും മകനെ തിരഞ്ഞു നടക്കുകയാണ് കുടുംബം. കൈലാസ് കുമാറിനെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ ചോറ്റാനിക്കര പോലീസിൽ അറിയിക്കണമെന്ന് ഇവർ അപേക്ഷിക്കുന്നു.