തിരുവനന്തപുരം അമ്പലമുക്ക് വിനീത കൊലപാതകക്കേസില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച വിധി പറയും. പ്രതിയ്ക്കും പ്രോസിക്യൂഷനും പറയാനുള്ളത് കേട്ടശേഷമാണ് വിധി പറയാന്‍ 24 ലേക്ക് മാറ്റിയത്. 70 വയസുള്ള അമ്മയെ പരിചരിക്കണമെന്നും പഠിച്ച് അഭിഭാഷകനായി പാവങ്ങള്‍ക്കു നിയമസഹായം നല്‍കണമെന്നും പ്രതി രാജേന്ദ്രന്‍ കോടതിയെ അറിയിച്ചപ്പോള്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും അല്ലെങ്കില്‍ ഇനിയും കൊലപാതകം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ഇന്നും വിധിയുണ്ടാകുമെന്നാണ് കരുതിയതെങ്കിലും പ്രതിയ്ക്കും പ്രോസിക്യൂഷനും പറയാനുള്ളതു മുഴുവന്‍ കേട്ടശേഷമാണ് വിധിപ്രസ്താവം വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. കോടതി ആരംഭിച്ചപ്പോള്‍ തന്നെ പ്രതിയെ കുറിച്ചുള്ള 11 റിപ്പോര്‍ട്ടുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇതു വിശദമായ പരിശോധിക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചു. അതിനു ശേഷമാണ് ഏക പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രനു പറയാനുള്ളത് കോടതി കേട്ടത്.
പ്രതിയുടെ വാദങ്ങള്‍ ഇവയായിരുന്നു. 70 വയസുള്ള അമ്മയെ നോക്കണം , പൊലീസിനെ ഭയന്നു സഹോദരനും സഹോദരിയും അമ്മയെ സഹായിക്കില്ല,എയ്ഡ്സ് രോഗികളെ ശിശ്രൂഷിക്കുമായിരുന്നു, ഉന്നത വിദ്യാഭ്യാസമുള്ള താന്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തിരുന്നു,അഭിഭാഷകന്‍ ആകണമെന്നും പാവങ്ങള്‍ക്ക് നിയമസഹായം നല്‍കണമെന്നും അറിയിച്ചു. പശ്ചാത്താപം ഉണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒരു തെറ്റും ചെയ്യാത്തതുകൊണ്ടു പശ്ചാത്താപമില്ലെന്നും ഇവിടെയല്ലെങ്കില്‍ ഉയര്‍ന്ന കോടതിയില്‍ നിന്നും നിരപരാധിയാണെന്നു തെളിയുമെന്നും വാദിച്ചു.
എന്നാല്‍ പ്രോസിക്യൂഷന്‍ പ്രതിയുടെ വാദങ്ങളെ പൂര്‍ണമായും ഖണ്ഡിച്ചു. പ്രതി കൊടും കുറ്റവാളിയെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ വാദിച്ചത്. കവര്‍ച്ചയ്ക്കായി തമിഴ്നാട്ടിലെ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തി,നാലു കൊലപാതകങ്ങളില്‍ മൂന്നു പേരും സ്ത്രീകളെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ജീവപര്യന്തം ശിക്ഷയാണ് വിധിക്കുന്നതെങ്കില്‍ ശിക്ഷായിളവിനു പ്രതി അര്‍ഹനാണെന്നും ഭാവിയില്‍ സമാനമായ കുറ്റകൃത്യങ്ങള്‍ നടത്തുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
2022 ഫെബ്രുവരി ആറിനായിരുന്നു തിരുവനന്തപുരം നഗരത്തെ നടുക്കിയ കൊലപാതകം.കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയായിരുന്നു രാജേന്ദ്രന്‍ പട്ടാപ്പകല്‍ വിനീതയെ കൊലപ്പെടുത്തിയത്. വിനീതയെ കൊലപ്പെടുത്തി സ്വര്‍ണമാല കവര്‍ന്ന ഇയാളെ തമിഴ് നാട്ടില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.