കോഴിക്കോട് ജാതിയേരിയില്‍ വിവാഹസംഘങ്ങള്‍ നടുറോഡില്‍ ഏറ്റുമുട്ടിയതില്‍ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. നടുറോഡിലുണ്ടായ കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങള്‍ കണ്ടു നിന്നവര്‍ പലരായി പകര്‍ത്തിയിട്ടുണ്ട് ഇതെല്ലാം ശേഖരിച്ച് പരിശോധിച്ച ശേഷം നടപടി എടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.
പുളിയാവില്‍ നിന്നും കല്യാണം കഴിഞ്ഞുവരുന്ന വരന്‍റെ പെങ്ങളും ചെക്യാടി സ്വദേശിയുമായ ആതിരയുടെ പരാതിയിലാണ് നടപടി. ആതിരയും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ കല്ലുമ്മല്ലില്‍ നിന്നും വിവാഹം കഴിഞ്ഞുവരുന്ന സംഘത്തിലെ ജീപ്പ് ഉരസിയതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉണ്ടാവുന്നത്. ജീപ്പില്‍ നിന്ന് പത്ത് പേര്‍ ചാടിയിറങ്ങി തങ്ങളെ അകാരണമായി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു എന്നാണ് ആതിരയുടെയും കുടംബത്തിന്‍റെയും പരാതി.
പത്തംഗസംഘം കാറിന്‍റെ ചില്ല് അടിച്ച് തകര്‍ത്തിട്ടുണ്ട്. ചില്ല് വീണ് ആതിരയുടെ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. ആതിരയുടെ കൈപ്പിടിച്ച് തിരിക്കുകയും മുഖത്തടിക്കുകയും ചെയ്തിട്ടുണ്ടെന്നും ആരോപണമുണ്ട്. ആതിരയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ഭാര്‍ത്താവ് നിധിനും സഹോദരനും പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സതേടി. സംഘര്‍ഷം പരിഹരിക്കാനെത്തിയ പൊതുപ്രവര്‍ത്തകന്‍ കറുവയില്‍ അഹമ്മദിന് തമ്മിലടിക്കിടയില്‍ നെഞ്ച് വേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
പൊലീസിന് നേരെയും കയ്യേറ്റശ്രമം
സംഘര്‍ഷ വിവിരമറിഞ്ഞ് വളയം പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ചേരിതിരിഞ്ഞുള്ള കൂട്ടത്തല്ലായിരുന്നു റോഡില്‍. ഇരുകൂട്ടരെയും പിന്തിരിപ്പിക്കാന്‍ പൊലീസ് നന്നായി വിയര്‍ത്തു. അടിക്കിടയില്‍ ആരൊക്കെയോ പൊലീസിന്‍റെ ലാത്തി പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. അടിക്കിടയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥരെ തള്ളിയിടാനും ശ്രമുമുണ്ടായി. പലതവണ പിരിച്ചു വിട്ടിട്ടും വീണ്ടും സംഘം ചേര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായി. പ്രദേശത്ത് ഒരുപാട് നേരം ഗതാഗതകുരുക്കും ഉണ്ടായി. നന്നായി പണിപ്പെട്ടാണ് തമ്മിലടിക്കുന്ന സംഘങ്ങളെ പിരിച്ചുവിടാന്‍ പൊലീസിന് സാധിച്ചത്.