ആലപ്പുഴയിൽ നഗരസഭ കൗൺസിലർ കരാറുകാരനെ മർദിച്ചതായി പരാതി. ആലപ്പുഴ നഗരസഭ കൗൺസിലർ ഷാനവാസിനെതിരെ ഷമീർ എന്നയാൾ നൽകിയ പരാതിയിൽ നോർത്ത് പൊലീസ് കേസ് എടുത്തു.
എന്നാൽ കരാറുകാരനായ ഷമീറിന് നൽകിയ രണ്ടു ലക്ഷം രൂപ തിരിച്ചു ചോദിച്ചതിനാണ് മർദിച്ചുവെന്ന് പരാതി നൽകിയതെന്ന് നഗരസഭാംഗമായ ഷാനവാസ് പറയുന്നു.
ഇന്നലെ രാവിലെയാണ് ഷമീറിനെ കൗൺസിലർ ഷാനവാസ് മർദിച്ചുവെന്ന് പരാതി ഉയർന്നത്. സാമ്പത്തിക തർക്കം തീർക്കാൻ വീട്ടിൽ വിളിച്ചു വരുത്തിയെന്നും പണം നൽകുന്നതിന് സാവകാശം ചോദിച്ചപ്പോൾ മർദിച്ചെന്നുമാണ് ഷമീർ പറയുന്നത്. മുഖത്ത് പരുക്കേറ്റതിനെ തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയെന്നും ഷമീർ പറഞ്ഞു.
എന്നാൽ കൗൺസിലറായ ഷാനവാസ് പറയുന്നത് മറ്റൊന്നാണ് .നഗരസഭ കരാറുകാരനായ ഷമീറിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോൾ രണ്ടു ലക്ഷം രൂപ നൽകി സഹായിച്ചിരുന്നുവെന്നും ഇത് തിരിച്ചു ചോദിക്കുക മാത്രമാണ് ഉണ്ടായതെന്നുമാണ് ഷാനവാസിന്റെ വിശദീകരണം.
ജനപ്രതിനിധിയായ തന്നിൽ നിന്ന് മൊഴിയെടുക്കുകയോ വിവരം തേടുകയോ ചെയ്യാതെ ഏകപക്ഷീയമായി പൊലിസ് കേസെടുക്കുകയായിരുന്നുവെന്ന ആക്ഷേപവും നഗരസഭാംഗമായ ഷാനവാസിനുണ്ട്.