ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടൻമാരുമായുള്ള ബന്ധം തെളിയിക്കുന്ന മൊഴികളും ഡിജിറ്റൽ തെളിവുകളും പ്രതികളില്‍ നിന്ന് കിട്ടി. നടൻമാരായ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ചലച്ചിത്രമേഖലയിലെ മറ്റു ചിലർ എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ച് തസ്ലീമ മൊഴി നൽകി. ഹൈബ്രിഡ് കഞ്ചാവ് കേരളത്തിൽ എത്തിച്ചിട്ട് നാല് മാസ മായെന്നും വില ചേരാത്തതിനാൽ പല സ്ഥലങ്ങളിലായി സൂക്ഷിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി. 

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമയ്ക്ക് സിനിമാ നടൻമാർ അടക്കമുള്ളവരുമായുള്ള ബന്ധം വ്യക്തമാക്കുന്ന നിർണായക വിവരങ്ങളാണ് ചോദ്യം ചെയ്യലിൽ ലഭിച്ചത്. വാട്സാപ്പ് ചാറ്റുകൾ, ഫോൺ വിളികളുടെ വിവരങ്ങൾ , സിനിമ മേഖലയിലെ നിരവധി പേരുടെ ഫോൺ നമ്പറുകൾ എന്നിവ എക്സൈസിന് ലഭിച്ചു. നടൻമാരായ  ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ കൂടാതെ ചലചിത്ര മേഖലയിലെ മറ്റു ചിലരുമായി അടുത്ത ബന്ധമുണ്ടെന്ന് തസ്ലിമ മൊഴി നൽകി. ഇത്  സൂചിപ്പിക്കുന്ന ഫോൺ രേഖകളും കിട്ടി. പെൺവാണിഭ റാക്കറ്റുമായി ബന്ധ മുള്ള ആളാണ് തസ്ലീമ എന്നതിനാൽ ലഹരി ഇടപാടിന് തന്നെയാണോ ഇവരുമായി ബന്ധപ്പെട്ടത് എന്നത് ഉറപ്പിക്കേണ്ടതുണ്ട്. 

ശ്രീനാഥ് ഭാസിയുമായുള്ളത് വാട്സാപ്പ് ചാറ്റുകളും ഷൈൻ ടോം ചാക്കോയുമായുള്ളത് ഫോൺവിളികളുമാണ്. മൊഴികളിൽ വ്യക്തത വരാൻ ഡിലിറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുക്കണം. ചോദ്യം ചെയ്യുന്നതിന് അടുത്തയാഴ്ച ശ്രീനാഥ് ഭാസി , ഷൈൻ ടോം ചാക്കോ എന്നിവരെയും സംശയമുള്ള മറ്റു ചിലരെയും നോട്ടീസ് നൽകി വിളിച്ചു വരുത്തും. ഇയാഴ്ച തന്നെ ഇവർക്ക് നോട്ടീസ് കൈമാറിയേക്കും. 10 വർഷത്തോളമായി സ്വർണം, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ എന്നിവ കടത്തുന്നുണ്ടെന്ന് സുൽത്താൻ അക്ബറലിയും തസ്ലീമയും  സമ്മതിച്ചു.

2017 ൽ സ്വർണക്കടത്തിന് തസ്ലീമ തിഹാർ ജയിലിൽ തടവിൽ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയൊട്ടാകെ കണ്ണികളുള്ള സ്വർണക്കടത്ത് ശ്യംഖലയിൽപ്പെട്ടവരാണ് ഇരുവരും. ദുബായിൽ നിന്ന് മലേഷ്യ വഴിയാണ് സ്വർണം കടത്തുന്നത്.എയർപോർട്ട് ഉദ്യോഗസ്ഥരുടെ അടക്കം സഹായം സ്വർണക്കടത്തിന് കിട്ടിയിട്ടുണ്ടെന്നും സുൽത്താൻ അക്ബർ അലി വെളിപ്പെടുത്തി. പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് നാലു മാസം കേരളത്തിൽ എത്തിച്ചെങ്കിലും നല്ല  വില ലഭിക്കാത്തതിനാൽ പല സ്ഥലങ്ങളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. 

ഇടപ്പള്ളിയിൽ ഒരു ലോഡ്ജിൽ ഹൈബ്രിഡ് സൂക്ഷിച്ച സമയത്ത് അവിടെ പൊലിസ് പരിശോധന ഉണ്ടായപ്പോൾ ഒരു സുഹൃത്തിൻ്റെ അപ്പാർട്ട്മെൻ്റിലേക്ക മാറ്റി. തുടർന്ന് വീണ്ടും ഒരു ലോഡ്ജിലേക്ക് മാറ്റി. ഹൈബ്രിഡ് കഞ്ചാവ് വിൽപന നടക്കും വരെ സൂക്ഷിക്കാനാണ് പിടിയിലായ ഫിറോസിനെ വരുത്തിയത്. ഒരു ലക്ഷം രൂപയായിരുന്നു കഞ്ചാവ് സൂക്ഷിക്കുന്നതിന് ഫിറോസിനുള്ള പ്രതിഫലം. ഫിറോസിൻ്റെ പക്കൽ  ഏൽപ്പിക്കുന്നതിന് അലപ്പുഴയ്ക്ക് കഞ്ചാവ് കൊണ്ടു വരുമ്പോഴാണ് പിടിയിലായത്. 

ENGLISH SUMMARY:

In the Alappuzha hybrid cannabis case, statements and digital evidence have revealed connections between actors like Srinath Bhasi and Shine Tom Chacko. The accused also disclosed how the hybrid cannabis was stored across multiple locations due to its unmatched value.