വിവാഹ വാഗ്ദാനം നൽകി ബലാസംഗം ചെയ്തെന്ന പരാതിയിൽ അഭിഭാഷകനെതിരെ കേസ്. അഭിഭാഷകയുടെ പരാതിയിലാണ് മലപ്പുറം സ്വദേശി റഹിബിനെതിരെ കേസെടുത്തത്. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും, സ്വർണവും രേഖകളും പ്രതി മോഷ്ടിച്ചുവെന്നും പരാതിയിലുണ്ട്. എന്നാൽ പരാതിക്കാരി തന്നെയാണ് സാമ്പത്തികമായി ചതിച്ചതെന്ന് റഹീബ് ആരോപിച്ചു.
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 2023 ജൂൺ മുതൽ കഴിഞ്ഞ മാസം 25 വരെ ബലാത്സംഗം ചെയ്തെന്നാണ് അഭിഭാഷകയുടെ പരാതി. പരാതിക്കാരിയുടെ സീനിയറായി ലോ കോളജിൽ പഠിച്ചയാളാണ് മലപ്പുറം സ്വദേശിയായ റഹീബ്. മൂന്നാറിലും, കൊച്ചി കലൂരിലെ ഹോട്ടലിലും, വാടക വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിലുള്ളത്. ബലാൽസംഗരംഗം പ്രതി മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. ഗർഭിണിയായപ്പോൾ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. വിവാഹം ഓൺലൈനായി റജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയിരുന്നുവെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പ്രതി പിന്മാറി. പരാതിക്കാരി താമസിക്കുന്ന വീടിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് വസ്തുവിന്റെ രേഖകളും, സ്വർണാഭരണവും, മറ്റു രേഖകളും ഇയാൾ മോഷ്ടിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെയാണ് റഹീബ് മുൻകൂർ ജാമ്യം തേടി എറണാകുളം ജില്ല സെഷൻസ് കോടതിയെ സമീപിച്ചത്. പരാതിക്കാരിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും, സാമ്പത്തികമായി തന്നെ ചതിച്ചുവെന്നും മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്. വസ്തു വാങ്ങുന്നതിനും മറ്റുമായി ഒൻപത് ലക്ഷത്തിലേറെ രൂപ പലപ്പോഴായി പരാതിക്കാരിക്ക് നൽകിയിരുന്നു. പരാതിക്കാരിയെ വിവാഹം കഴിക്കാൻ അപേക്ഷ നൽകുമ്പോൾ രേഖകളിൽ നിന്നാണ് തന്നെക്കാൾ 10 വയസ്സിന് മുതിർന്ന ആളാണെന്ന് മനസ്സിലായത്. തുടർന്നാണ് വിവാഹത്തിൽ നിന്നും പിന്മാറിയത്. പരാതിക്കാരി ഗർഭിണിയായിരുന്നെന്നും, ഗർഭഛിദ്രം നടത്തിയെന്നുമുള്ള കാര്യം ഇപ്പോഴാണ് അറിയുന്നതെന്നും മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്.