തൃശൂര്‍ ആനന്തപുരത്ത് കള്ള് ഷാപ്പില്‍ തര്‍ക്കത്തിനിടെ ചേട്ടന്‍ അനിയനെ പട്ടികകൊണ്ട് തലയ്ക്കടിച്ചു കൊന്നു. കൊലയ്ക്കു ശേഷം രക്ഷപ്പെട്ട ചേട്ടനെ നാടകീയമായി പൊലീസ് പിടികൂടി.
കൊല്ലപ്പെട്ടത് ഇരുപത്തിയൊന്‍പതുകാരനായ യദുകൃഷ്ണന്‍. ചേട്ടന് വിഷ്ണുവിന് മുപ്പത്തിരണ്ടു വയസ്. വിദേശത്തു പോകാനുള്ള നടപടിക്രമങ്ങള്‍ ശരിയാക്കി വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു അനിയന്‍. ആനന്ദപുരം കള്ള് ഷാപ്പിനു മുമ്പിലൂടെ വേണം വീട്ടില്‍ പോകാന്‍. ഷാപ്പിനു മുമ്പില്‍ എത്തിയപ്പോള്‍ ചേട്ടന്‍ വിഷ്ണു നില്‍ക്കുന്നു. കള്ളിന്‍റെ ലഹരിയിലായിരുന്ന ചേട്ടന്‍ അനിയനെ തടഞ്ഞു. ഷാപ്പിനു മുമ്പില്‍ അടിപിടിയായി. ഇരുവരും ഏറെനേരം ഏറ്റുമുട്ടി. പട്ടിക കൊണ്ട് തലയ്ക്കടിയേറ്റ അനിയന്‍ വീണു. നാട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ചേട്ടന്‍ വിഷ്ണു. അമ്മയുടെ പേരിലുള്ള സ്വത്തിനെ ചൊല്ലിയായിരുന്നു ഇരുവരും തര്‍ക്കിച്ചത്. ഇരുവരും തമ്മിലുള്ള സംഘട്ടനം ശക്തമായതോടെ ഷാപ്പ് അടച്ച് മാനേജര്‍ മാറിയിരുന്നു. കൊലയ്ക്കു ശേഷം നാട്ടിലെ പലഭാഗങ്ങളില്‍ ഒളിച്ചു. നാട്ടുകാര്‍ പ്രതിയെ കണ്ടപ്പോഴെല്ലാം പൊലീസിനെ അറിയിച്ചു. ചാലക്കുടി ഡി.വൈ.എസ്.പി. :കെ.സുമേഷും സംഘവും നാടകീയമായാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷനിലേയ്ക്കു മാറ്റുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിഷ്ണുവിനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി.