ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയതില്‍ സി.ഐക്കും എസ്.ഐക്കും സസ്പെന്‍ഷന്‍. വളാഞ്ചേരി സി.ഐ സുനില്‍ ദാസ്, എസ്.ഐ ബിന്ദുലാല്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്.ഐ ബിന്ദുലാല്‍ ഇന്നലെ അറസ്റ്റിലായിരുന്നു. സി.ഐ.സുനില്‍ദാസ് ഒളിവിലാണ്. കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ തട്ടിയെന്നാണ് സി.ഐക്കും എസ്.ഐക്കു ഇടനിലക്കാരനും എതിരായ കേസ്.
വളാഞ്ചേരിയിലെ കരിങ്കല്‍ ക്വാറിയില്‍ സ്ഫോടക വസ്തു ശേഖരം പിടികൂടിയതിനു പിന്നാലെയായിരുന്നു പൊലീസ് ഭീഷണി. എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം ക്വാറി ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഭൂമി ഉടമകളെ അടക്കം പ്രതികളാക്കി ജാമ്യമില്ല വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഏജന്‍റ് അസൈനാര്‍ വഴി എസ്.ഐ ബിന്ദുലാല്‍ 10 ലക്ഷവും സി.ഐ സുനില്‍ ദാസ് 8 ലക്ഷവും കൈക്കലാക്കിയത്. ഇടനിലക്കാരന്‍ അസൈനാര്‍ക്ക് 4 ലക്ഷവും ലഭിച്ചു.
ജില്ല പൊലീസ് മേധാവി ഇടനിലക്കാരനെ ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തു വന്നത്. അറസ്റ്റിലായ ബിന്ദു ലാലിനേയും അസൈനാരേയും ചോദ്യം ചെയ്തു വരികയാണ്. പിടിവീഴുമെന്ന് ഉറപ്പായതോടെ സി.ഐ സുനില്‍ദാസ് പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു. സി.ഐക്ക് വേണ്ടിയുളള അന്വേഷണം തുടരുകയാണ്. കേസന്വേഷണം ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് കൈമാറി.