രംഗണ്ണന്‍ മോഡല്‍ പിറന്നാള്‍ ആഘോഷം നടത്തിയും പൊലീസിനെ ഭീഷണിപ്പെടുത്തിയും സിനിമാ സ്റ്റൈല്‍ കളിച്ച തൃശൂരിലെ ഗുണ്ട സാജന്‍ ഒളിവില്‍. ഗുണ്ടകളുടെ നവമാധ്യമ അക്കൗണ്ടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പ്രത്യേക സൈബര്‍ ടീമിനെ നിയോഗിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ വ്യക്തമാക്കി.
യുവാക്കളെ ആകര്‍ഷിച്ച് സ്വന്തം ടീമിനെ വിപുലപ്പെടുത്താന്‍ തൃശൂരിലെ ഗുണ്ടാനേതാക്കള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. ഇതിലെ, ഒരുദാഹരണം മാത്രമാണ് പുത്തൂര്‍ സ്വദേശി സാജന്‍. സ്വന്തം ബ്രാന്‍ഡിങ്ങിനു വേണ്ടി ഗുണ്ടതന്നെ ഇട്ടപ്പേരാണ് തീക്കാറ്റ് സാജന്‍. ഇതിനു പുറമെ, തൃശൂരിന്റെ രാജകുമാരന്‍ എന്ന ടാഗ് ലൈനും. പിറന്നാള്‍ ആഘോഷത്തിന് ഒത്തുക്കൂടാന്‍ വരണമെന്ന ഗുണ്ടയുടെ ക്ഷണം സ്വീകരിച്ച് നഗരത്തില്‍ വന്നത് മുപ്പത്തിരണ്ടു യുവാക്കളാണ്. ഇവരില്‍, പകുതിപ്പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും.
ഈ സാഹചര്യത്തിലാണ് സിറ്റി പൊലീസിന്റെ ഇടപടെല്‍. പിറന്നാള്‍ ആഘോഷം പൊളിച്ചതിന്റെ ദേഷ്യം ഗുണ്ട തീര്‍ത്തത് പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചതാണ്. സ്റ്റേഷനും കമ്മിഷണര്‍ ഓഫിസും ബോംബ് വച്ചുതകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഈ സാഹചര്യത്തിലാണ്, സിറ്റി പൊലീസ് കമ്മിഷണറുടെ ഇടപടെല്‍. സൈബര്‍ ഇടങ്ങളില്‍ ഗുണ്ടകളുടെ പ്രകടനം എങ്ങനെയെന്ന് ഇനി ഓരോദിവസവും വിലയിരുത്തും. ആയുധം കാട്ടിയുള്ള റീല്‍സാണെങ്കില്‍ കേസ് വരും. അപകീര്‍ത്തിപ്പെടുത്തലാണെങ്കില്‍ സിവില്‍ കേസും.