image: instagram.com/indore_traffic_police

മഴയെന്നും വെയിലെന്നുമില്ലാതെ നടുറോഡില്‍ ഗതാഗതം നിയന്ത്രിച്ച് വലയുന്ന ട്രാഫിക് പൊലീസുകാരെ കണ്ടിട്ടില്ലേ.. അങ്ങനെ കഷ്ടപ്പെടുന്ന പൊലീസുകാരിലൊരാളുടെ ചിത്രം ഒരു ചെറുപ്പക്കാരന്‍ വരച്ച് നല്‍കിയതും അത് കണ്ട ട്രാഫിക് പൊലീസുകാരന്‍റെ സന്തോഷവുമെല്ലാം വൈറലായിരുന്നു.  ട്രാഫിക് നിയന്ത്രിച്ച് വലഞ്ഞ് വരുമ്പോള്‍ ഒരു ചോക്കലേറ്റോ, കുടുംബ സമേതം സെക്കന്‍റ് ഷോയ്ക്ക് പോകാനുള്ള ടിക്കറ്റോ കിട്ടിയാലോ? ചെയ്യുന്ന ജോലിക്ക് ലഭിക്കുന്ന ഏതൊരംഗീകാരവും ആര്‍ക്കും സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ്. ഇക്കാര്യം പ്രാവര്‍ത്തികമാക്കുകയാണ് ഇന്‍ഡോറിലെ പൊലീസ് ഡിപാര്‍ട്മെന്‍റ്. 

നല്ല സേവനത്തിനുള്ള കയ്യടിക്ക് പുറമെ ഒരാഴ്ച ധരിക്കാനുള്ള 'മികച്ച  ട്രാഫിക് പൊലീസെന്ന ബാഡ്ജ്, മെഡല്‍, ഒരു പാക്കറ്റ് മധുരം, അധികമായി ഒരു ദിവസം അവധി, നാല് സിനിമ ടിക്കറ്റ് എന്നിവയാണ് സമ്മാനമായി നല്‍കുന്നത്. നാല് തവണ ഓഫിസര്‍ ഓഫ് ദ് വീക്കായി തിരഞ്ഞെടുക്കപ്പെടുന്ന പൊലീസുകാരന് രണ്ട് അധിക അവധി ദിവസങ്ങളും രണ്ട് പാക്കറ്റ് മധുര പലഹാരങ്ങളും ലഭിക്കും.

പൊലീസുകാര്‍ക്കുള്ള സമ്മാനം കൈമാറുന്നത് മുതിര്‍ന്ന ഓഫിസര്‍മാരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാകുമെന്നതാണ് മറ്റൊരു സവിശേഷത.  ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായ സമയങ്ങളില്‍ ഇടവേളയെടുത്ത് വിശ്രമിക്കണമെന്നും  വകുപ്പുതല നിര്‍ദേശത്തില്‍പറയുന്നു. വേനല്‍ കഠിനമായപ്പോഴാണ് ഇന്‍ഡോര്‍ പൊലീസ് ഈ പദ്ധതി ആവിഷ്കരിച്ചതെങ്കിലും മഴക്കാലത്തും തുടരുകയാണ്.  ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസുകാര്‍ക്ക് മഴക്കോട്ടുകള്‍, തൊപ്പികള്‍, കുടകള്‍ എന്നിവ ലഭ്യമാക്കാനും നടപടിയായിട്ടുണ്ട്. വകുപ്പ് തലത്തില്‍ അംഗീകാരം ലഭിച്ച് തുടങ്ങിയതോടെ ജോലി ചെയ്യാന്‍ ഇന്‍ഡോറിലെ  ട്രാഫിക് പൊലീസുകാര്‍ക്ക് കൂടുതല്‍ ഉല്‍സാഹമായെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. 

കഠിനമായ കാലാവസ്ഥയിലും വിശ്രമമില്ലാതെ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത് കണ്ടിട്ടാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടതെന്ന് ഇന്‍ഡോര്‍ ഡിസിപി അരവിന്ദ് തിവാരി പറഞ്ഞു. വാഹന ഗതാഗതം നിയന്ത്രിക്കുമ്പോള്‍ കാലാവസ്ഥയ്ക്ക് പുറമെ നാട്ടുകാരുടെ പെരുമാറ്റവും പൊലീസുകാരുടെ മനം മടുപ്പിച്ചേക്കാമെന്നും എങ്ങുനിന്നും നല്ല വാക്ക് കിട്ടാതെ ഓരോദിവസവും ജോലി ചെയ്ത് മടങ്ങുന്നത് മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് കണ്ടതാണ് പദ്ധതി വേഗത്തില്‍ നടപ്പിലാക്കുന്നതിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ്, ട്രാഫിക് പൊലീസ് വിഭാഗങ്ങള്‍ക്ക് ഇന്‍ഡോര്‍ നല്ല മാതൃകയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെറിയ ചെറിയ അംഗീകാരം പോലും പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Traffic police get sweets and movie tickets for theri good job in Indore.