idol-case

TOPICS COVERED

തിരുവനന്തപുരം മണക്കാട് പൂജ നടക്കുന്നതിനിടെ ക്ഷേത്രത്തിൽ കയറി പൂജാരിയെ വിലങ്ങണിയിച്ച് കസ്റ്റഡിയിലെടുത്ത് പൊലീസ്. വിഗ്രഹമോഷണക്കേസില്‍ മൂന്ന് മണിക്കൂറോളം സെല്ലിലിട്ട് ചോദ്യം ചെയ്ത ശേഷം നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു. തിരുവനന്തപുരം മണക്കാട് മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി അരുണിനെതിരായ പൂന്തുറ പൊലീസിന്റെ നടപടിക്കെതിരെ പരാതി ഉയര്‍ന്നതോടെ ഫോര്‍ട് എ.സി.പി അന്വേഷണം തുടങ്ങി.

 

പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം ഒന്നരമാസം മുൻപ് മോഷണം പോയി. മണക്കാട് മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി അരുൺ നേരത്തെ പൂന്തുറ ക്ഷേത്രത്തിൽ ജോലി നോക്കുകയും അവിടെ നിന്ന് പിണങ്ങിപ്പിരിയുകയും ചെയ്തതാണ്. ഈ സംശയത്തെ തുടർന്നാണ് ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് പൂന്തുറ സി ഐയുടെ നേതൃത്വത്തിലെ സംഘം ക്ഷേത്രത്തിലെത്തി അരുണിനെ കസ്റ്റഡിയിലെടുത്തത്. പൂജ മുടങ്ങും, രാവിലെ സ്റ്റേഷനിലെത്താം എന്ന് പറഞ്ഞിട്ടും കേട്ടില്ലന്നാണ് പരാതി.

6 മണി മുതൽ രാത്രി 8 വരെ സെല്ലിലിട്ട് ചോദ്യം ചെയ്തു. ഇതിനിടെ ക്ഷേത്രം ഭാരവാഹികൾ പരാതി നൽകിയതോടെ അരുണിനെ പൊലീസ് വാഹനത്തിൽ തന്നെ തിരിച്ചു കൊണ്ടുവിട്ടു.

എഡിജിപി എം. ആർ. അജിത് കുമാറിന്റെ വീടിനടുത്തുള്ള ക്ഷേത്രമാണ്. എ ഡിജി പിയോട് പരാതി പറഞ്ഞ ക്ഷേത്രം ട്രസ്റ്റ് ഫോർട്ട് എസിപിക്ക് രേഖാമൂലം പരാതി നൽകി. എന്നാൽ പല തവണ ഫോണിൽ വിളിച്ചിട്ടും സഹകരിക്കാത്തതിനാലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

ENGLISH SUMMARY:

Idol theft case: Complaint that the priest was taken away by the police during the pooja