പട്ടാമ്പി ഓങ്ങല്ലൂരിൽ നിന്ന് അനധികൃത പെട്രോൾ ശേഖരം പിടികൂടി. പൊലീസിന്‍റെ മിന്നല്‍ പരിശോധനയിലാണ് ശേഖരം കണ്ടെത്തിയത്. പട്ടാമ്പി നമ്പ്രത്തും, തൃത്താല പടിഞ്ഞാറങ്ങാടിയിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പെട്രോൾ അനധികൃതമായി കൈവശം വച്ച് വില്‍പ്പന നടത്തിയിരുന്ന വര്‍ക് ഷോപ്പ് ഉടമയായ ഓങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് ഷാക്കിറിനെയാണ് പൊലീസ് പിടികൂടിയത്. വര്‍ക് ഷോപ്പിന്‍റെ മറവിലായിരുന്നു കൂടിയ അളവിലുള്ള പെട്രോള്‍ വില്‍പന. മുഹമ്മദ് ഷാക്കിറിന് പെട്രോള്‍ നല്‍കുന്ന പമ്പുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

ഇതിന് പുറമെയാണ് പട്ടാമ്പി നമ്പ്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്ന് കിലോയിലേറെ കഞ്ചാവ് പൊലീസ് കണ്ടെടുത്തത്. തൃത്താല പടിഞ്ഞാറങ്ങാടി മാവിന്‍ചോട് ബസ് സ്റ്റോപ്പിന് സമീപത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാട്ടുകാരാണ് മറ്റൊരു ബാഗ് കണ്ടെത്തിയത്. പിന്നാലെ തൃത്താല പൊലീസെത്തിയുള്ള പരിശോധനയില്‍ കഞ്ചാവെന്ന് സ്ഥിരീകരിച്ചു. രണ്ടരക്കിലോ കഞ്ചാവാണ് മൂന്ന് കവറുകളിലായി ഒളിപ്പിച്ചിരുന്നത്. ചില്ലറ വില്‍പ്പനക്കാര്‍ക്ക് കൈമാറാന്‍ എത്തിച്ച ലഹരിയെന്നാണ് നിഗമനം. കഞ്ചാവ് ഉപേക്ഷിച്ച സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം വിപുലമാക്കുമെന്ന് പൊലീസ് അറിയിച്ചു.