കൊച്ചിയില്‍ മോഷണം പോയ ബൈക്ക് തേടി ഉടമ അലഞ്ഞുനടന്നത് രണ്ടു ദിവസം. ഒടുവില്‍ ഉടമയുടെ മുന്നില്‍ തന്നെ ബൈക്കുമായി മോഷ്ടാക്കള്‍ വന്നുപെട്ടു. സമീപത്തെ സ്കൂളില്‍ പഠിക്കുന്ന രണ്ട് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളായിരുന്നു മോഷണത്തിനു പിന്നില്‍. മോഷ്ടിച്ചെടുത്ത ബൈക്കിന്റെ നമ്പര്‍ പ്ലേറ്റുകളും ഹെഡ്‌ലൈറ്റും എടുത്തുമാറ്റിയിരുന്നു. നമ്പറും ഹെഡ്‌ലൈറ്റുമില്ലാതെ വിദ്യാര്‍ത്ഥികള്‍ രണ്ടു ദിവസവും ചുറ്റിക്കറങ്ങിയിട്ടും പൊലീസിനു മുന്‍പിലൂടെ കടന്നുപോയിട്ടും പിടികൂടിയില്ലെന്നതാണ് അദ്ഭുതം.
ഈ മാസം രണ്ടിനാണ് എന്‍എഡി റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയത് . പരാതിയുമായി സമീപിച്ച ഉടമയോട് രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ അന്വേഷിക്കാന്‍ പറഞ്ഞുവിടുകയാണ് പൊലീസ് ചെയ്തത്. തുടര്‍ന്ന് ഉടമ ബൈക്കിന്റെ ചിത്രവും മറ്റു വിവരങ്ങളും വാട്‌സാപ്പിലൂടെ പങ്കുവച്ചു. ഈ അന്വേഷണത്തിനിടയിലാണ് വെള്ളിയാഴ്ച എന്‍എഡി റോഡില്‍വച്ച് യാദൃശ്ചികമായി രണ്ട് വിദ്യാര്‍ത്ഥികള്‍ ബൈക്കുമായി പോകുന്നതു കണ്ടത്.
പിന്തുടര്‍ന്നെത്തിയ ഉടമ വാഹനം തടഞ്ഞു നിര്‍ത്തിയതും വിദ്യാര്‍ത്ഥികള്‍ വാഹനം ഉപേക്ഷിച്ചു കടന്നുകളയാന്‍ ശ്രമിച്ചു. താന്‍ വിഡിയോയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്ന് ഉടമ വിളിച്ചു പറഞ്ഞപ്പോള്‍ ഇവരില്‍ ഒരാള്‍ തിരികെ വന്നു. ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ മോഷണം സമ്മതിച്ചു. മോഷ്ടിച്ചെടുത്ത ബൈക്ക് ഇവര്‍ എച്ച്എംടി കാട്ടിലാണ് സൂക്ഷിച്ചിരുന്നത്.
കുട്ടികളെ പൊലീസിനു കൈമാറി. മാതാപിതാക്കളെ വിളിച്ചുവരുത്തിയ പൊലീസ് ഉപദേശങ്ങള്‍ നല്‍കി കുട്ടികളെ അവര്‍ക്കൊപ്പം വിട്ടയച്ചു. എച്ച്എംടി ജങ്ഷനില്‍ നിന്നും മാസങ്ങള്‍ക്ക് മുന്‍പ് മോഷണം പോയ മറ്റൊരു ബൈക്ക് സെന്‍റ് പോള്‍സ് കോളജിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.