തിരുവനന്തപുരം റസല്‍പുരത്തുകാര്‍ക്ക് വീടു പൂട്ടി എവിടെയെങ്കിലും പോകാന്‍ ഭയമാണ്. കാരണം, ഒരു വര്‍ഷത്തിനിടെ പ്രദേശത്തെ പത്തോളം ആളില്ലാ വീടുകളിലാണ് മോഷണം നടന്നത്. മോഷണം തുടര്‍ക്കഥയായതോടെ പ്രദേശത്ത് പ്രത്യേക പൊലീസ് സുരക്ഷയും നിരീക്ഷണവും ഏര്‍പ്പെടുത്തി. ഇന്നലെ രാത്രി രണ്ട് തവണ പ്രദേശത്ത് പൊലീസ് പട്രോളിങ് നടത്തിയിരുന്നു. എന്നിട്ടും വീണ്ടും മോഷണം അരങ്ങേറി.
വിമുക്ത ഭടന്‍ ബി.ഗോപകുമാറിന്‍റെ ആളില്ലാത്ത വീട്ടില്‍ നിന്നും പത്ത് പവന്‍ സ്വര്‍ണവും പന്ത്രണ്ടായിരം രൂപയുമാണ് ഇന്നലെ കള്ളന്‍ കൊണ്ടുപോയത്. ഗോപകുമാറിന്‍റെ ഭാര്യ ചെത്തിപ്പുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരുമകള്‍ ഭാര്യക്കൊപ്പമാണ്. ഗോപകുമാര്‍ രാത്രി സെക്യൂരിറ്റി ജോലിക്ക് പോയതിനാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഇത് കൃത്യമായി മനസ്സിലാക്കിയാണ് കള്ളന്‍ എത്തിയത്.
മോഷണത്തിന് ശേഷം വീട്ടിനുള്ളിലും റോഡിലും മുളക് പൊടി വിതറിയാണ് കള്ളന്‍ കടന്നുകളഞ്ഞത്. പൊലീസ് നിരീക്ഷണത്തിനിടയിലും മോഷണം നടത്തി കള്ളന്‍ കടന്നുകളഞ്ഞത് നാട്ടുകാരെ ഞെട്ടിച്ചു. പത്തിലധികം മോഷണം നടന്നിട്ടും പട്രോളിങ് ശക്തമാക്കിയിട്ടും മോഷ്ടാവിനെ കുറിച്ച് ഒന്നും കണ്ടെത്താനാകാതെ വലയുകയാണ് പൊലീസ്.