തൂങ്ങിമരിച്ചെന്നു വിശ്വസിപ്പിച്ച് 15 വര്‍ഷം ഒളിവില്‍ കഴിഞ്ഞ മോഷ്ടാവ് പിടിയിലായി. തമിഴ്നാട്ടിലെ തൃച്ചിയിൽ പറങ്കിമാവുതോട്ടത്തിൽ തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് 15 വർഷം ഇയാള്‍ ഒളിവിലായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസാണ് ഇയാളെ പൊക്കിയത്. മലയാലപ്പുഴ താഴം വഞ്ചിയിൽ കുഴിപ്പടി സുധീഷ് ഭവനിൽ പാണ്ടി ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രനാണ്  പിടിയിലായത്.52 വയസുണ്ട്.

ഇയാൾക്കെതിരെ നിലവില്‍ 4 മോഷണക്കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  മലയാലപ്പുഴ സ്വദേശിയായ ഇയാൾ വർഷങ്ങൾക്കു മുൻപ് സ്ഥലം വിറ്റ് തമിഴ്നാട്ടിലേക്കു പോയിരുന്നു. കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രൻ ഇപ്പോള്‍ പിടിയിലായത്. 

ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനൻ നായരെ കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. അറസ്റ്റ് വാറന്റ് വന്നതോടെ മോഹനൻ നായർക്കായി പലയിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു. തമിഴ്നാട്ടിലെ തൃച്ചിയിൽ പറങ്കിമാവ് തോട്ടത്തിൽ ചന്ദ്രൻ തൂങ്ങി മരിച്ചതായി അറിഞ്ഞെന്ന് ഇയാൾ കോടതിയിലും പൊലീസിനോടും വെളിപ്പെടുത്തി. ഇതിനിടെ, ചന്ദ്രനെന്ന് പേരുള്ള തമിഴ്നാട്ടുകാരനായ ഒരാൾ ശബരിമലയിലെ കടയിൽ പണിയെടുക്കുന്നുണ്ടെന്ന വിവരം പത്തനംതിട്ട സ്റ്റേഷനിലെ സിപിഒ രജിത് പി.നായർക്കു ലഭിച്ചു. ഇയാളുടെ മകൻ കായംകുളം മുതുകുളത്തുണ്ടെന്നറിഞ്ഞ പൊലീസ് അവിടെയെത്തി രഹസ്യമായി അന്വേഷണം നടത്തി. 

കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ മകന്റെ വീടിന്റെ പുറത്ത് ചന്ദ്രൻ കിടന്നുറങ്ങുന്നതായി പൊലീസിനു വിവരം കിട്ടി. പത്തനംതിട്ട എസ്ഐ ജിനുവും സംഘവും അവിടെയെത്തിയെങ്കിലും ചന്ദ്രനെ കണ്ടില്ല. പിന്നീടു നടത്തിയ തിരച്ചിലിൽ കനകക്കുന്ന് ബോട്ട് ജെട്ടിയിൽ നിന്നും പുലർച്ചെ മൂന്നേകാലോടെ ചന്ദ്രനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ വർഷങ്ങൾ നീണ്ട ഒളിവുജീവിതം മോഷ്ടാവ് പൊലീസിനോട് വെളിപ്പെടുത്തി. 

ശബരിമല കേന്ദ്രമാക്കി മോഷണം ശീലമാക്കിയ ആളാണ് ചന്ദ്രൻ. ഹോട്ടലിൽ പൊറോട്ട വീശുന്നതുൾപ്പെടെയുള്ള ജോലികളിൽ മിടുക്കുള്ള ഇയാൾ ശബരിമല സീസണുകളിൽ ജോലിക്കെന്ന വ്യാജേനയെത്തി മോഷണം നടത്തി മുങ്ങും. അക്രമാസക്തനായ പ്രതിയെ സാഹസികമായാണു പൊലീസ് കീഴടക്കിയത്. ‌പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെ മേൽനോട്ടത്തിൽ, പൊലീസ് ഇൻസ്‌പെക്ടർ ഷിബുകുമാർ, എസ്ഐമാരായ ജിനു, ഷിജു പി.സാം, രാജേഷ് കുമാർ, എസ്‌സിപിഒ വിജീഷ്, സിപിഒമാരായ രാജേഷ്, രഞ്ജിത്ത്, സെയ്ദ് അലി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

The thief, who is a permanent defendant at the sabarimala area arrested by the Pathanamthitta Police:

The thief, who is a permanent defendant arrested by the Pathanamthitta Police. At present 4 theft cases have been registered against him.