ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കണമെന്ന് കേരള പൊലീസ്. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കേരള പൊലീസ് ഔദ്യോഗിക എഫ് ബി പേജിലൂടെ വ്യക്തമാക്കുന്നു. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.
ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫെയ്സ്ബുക്ക് എന്നിവിടങ്ങളില്‍ ട്രേഡിങ് കൊണ്ട് കാശുണ്ടാക്കാം എന്ന് പറഞ്ഞ് നിരവധി പരസ്യങ്ങള്‍ വരും. ഈ ലിങ്ക് വഴി എത്തിപ്പെടുന്നത് ടെലിഗ്രാം ട്രേഡിങ് ഗ്രൂപ്പുകളിലായിരിക്കും. ഈ ഗ്രൂപ്പുകളില്‍ കയറിയാല്‍ അതിലെ മറ്റ് മെമ്പേഴ്സ് അവര്‍ക്കുണ്ടായ വമ്പന്‍ ലാഭത്തിന്‍റെ സ്ക്രീന്‍ ഷോട്ട് ആ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് കാണാം.
ഇതുകണ്ട സാധാരണക്കാര്‍ ആ ഗ്രൂപ്പിലെ ട്രൈഡിങ് വെബ്സൈറ്റിലെ ലിങ്കില്‍ കയറും. അപ്പോള്‍ ചെറിയൊരു എമൗണ്ട് നിക്ഷേപിക്കാന്‍ അവര്‍ പറയും. നിങ്ങളിട്ട എമൗണ്ട് പത്തും ഇരുപതും ഇരട്ടിയായെന്ന് വ്യക്തമാക്കുന്ന ഗ്രാഫുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യും. എന്നാല്‍ ആ പണം എടുക്കാന്‍ നോക്കുമ്പോള്‍ കുറച്ച് പണം കൂടി ഇന്‍വെസ്റ്റ് ചെയ്യണമെന്ന മെസേജ് വരും. അല്ലെങ്കില്‍ ജിഎസ്ടി സര്‍ട്ടിഫിക്കറ്റ് വേണ്ടി വരുമന്ന് പറഞ്ഞ് വീണ്ടും പണം ഒപ്പിക്കും. പണം അവരുടെ അക്കൗണ്ടിലായിക്കഴിഞ്ഞാല്‍ തട്ടിപ്പുകാര്‍ ഒറ്റമുങ്ങലായിരിക്കും.
ആ ഗ്രൂപ്പിലെ മെമ്പര്‍മാരും അഡ്മിനുമെല്ലാം സൈബര്‍ തട്ടിപ്പ് ടീമായിരിക്കും. ഇതില്‍പെട്ടുപോയാല്‍ 1930 എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യണം.