കണ്ണൂർ വളപട്ടണത്ത് വ്യാപാരി കെ.പി അഷറഫിന്റെ വീട്ടിലെ മോഷണക്കേസിൽ നിർണായകമാകുന്നത് സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് നായയുടെ കണ്ടെത്തലുകളും. മോഷണത്തിനു ശേഷം പ്രതികൾ പുറകുവശത്തെ റെയിൽവേ ട്രാക്കിലൂടെ രക്ഷപ്പെട്ടതായി സൂചന ലഭിച്ചു. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുകയാണ്. അതേസമയം, ലോക്കറിലെ സ്വർണ്ണവും പണവും മാത്രം ഉന്നം വെച്ചാണ് മോഷ്ടാക്കൾ എത്തിയതെന്ന് സംശയവും ബലപ്പെടുന്നുണ്ട്.
300 പവൻ സ്വർണവും ഒരു കോടി രൂപയുമാണ് അരി മൊത്തക്കച്ചവടക്കാരനായ കെ.പി അഷറഫിന്റെ അടച്ചിട്ട വീട്ടിൽ നിന്ന് കവർന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ മധുരയിൽ പോയ 19ന് തന്നെ മോഷ്ടാക്കൾ വീടിനകത്ത് കയറിയതായാണ് നിഗമനം. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിലൂടെ കൂടുതൽ വ്യക്തമാകും. അഷ്റഫും കുടുംബവും വീട് പൂട്ടി പോകുന്നത് അറിയാവുന്ന ആരോ ആണ് കൃത്യത്തിന് പുറകിലെന്ന സംശയം ഇതിലൂടെ ബലപ്പെടുന്നു. മാത്രമല്ല, വീടിനുള്ളിലെ മറ്റൊന്നും നശിപ്പിക്കാത്തതും, അലമാരകൾ മാത്രം തുറന്നിട്ടതും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ബന്ധുക്കൾക്കും ഈ സംശയമുണ്ട്. സി.സി.ടി.വി ക്യാമറ ഉണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ മുഖം മറച്ചാണ് അകത്തു കടന്നത്. ക്യാമറകൾ തിരിച്ചു വെക്കുകയും ചെയ്തിട്ടുണ്ട്. അതിവിദഗ്ധമായി പുറകുവശത്തെ ജനറൽ കമ്പികൾ അടർത്തിയെടുക്കുകയായിരുന്നു പ്രതികൾ. അയൽവീട്ടുകാർ ആരും ഒന്നുമറിഞ്ഞിരുന്നില്ല.
ഡോഗ് സ്ക്വാഡ് പരിശോധിച്ചതിൽ വളപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതികൾ കടന്നു കളഞ്ഞത് എന്ന സൂചന ലഭിച്ചു. വീടിനടുത്ത് ചെറിയ റോഡ് വഴി മണം പിടിച്ച് ഓടിയ പൊലീസ് നായ റെയിൽവേ ട്രാക്കിലേക്കാണ് എത്തിയത്. ഒരു കിലോമീറ്റർ ട്രാക്കിലൂടെ ഓടിയ നായ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിൻ വരെയാണ് മണം പിടിച്ചത്. എന്നാൽ അധികം ട്രെയിനുകൾ നിർത്താത്ത സ്റ്റേഷനിൽ നിന്ന് എങ്ങോട്ട് പ്രതികൾ മുങ്ങിയെന്നത് കണ്ടെത്താനായിട്ടില്ല. ചെറിയ റെയിൽവേ സ്റ്റേഷൻ ആയതിനാൽ ഇവിടെ സിസിടിവി ക്യാമറകളും ഇല്ല . വിരൽ അടയാളങ്ങളും മറ്റ് പൊതുസ്ഥലങ്ങളിലെ സിസിടിവി ക്യാമറകളുമാണ് അന്വേഷണത്തിൽ നിർണായകമാവുക.