ഡോക്ടറുടെ വേഷത്തിലെത്തിയ സ്ത്രീകൾ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ 24 മണിക്കൂറിനകം വീണ്ടെടുത്ത് പൊലീസ്. കർണാടകയിലെ കലബുർഗി ജില്ലാ ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന ശിശു മോഷണം നടന്നത്. കുഞ്ഞിനെ തട്ടികൊണ്ടുപോയ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചിത്താപ്പൂർ സ്വദേശികളായ രാമകൃഷ്ണയുടെയും കസ്തൂരിയുടെയും നവജാതശിശുവിനെ തിങ്കളാഴ്ച വൈകീട്ടാണ് ആശുപത്രിയിൽ നിന്ന് തട്ടികൊണ്ടുപോയത്. കുഞ്ഞിനെ രക്തപരിശോധനയിക്കായി ഐസിയുവിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറുടെ വേഷത്തിലെത്തിയ രണ്ടു യുവതികൾ അമ്മയിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെയാണ് തട്ടികൊണ്ടുപോയതാണെന്ന് അമ്മയും ബന്ധുക്കളും മനസിലാക്കിയത്.
വിവരമറിഞ്ഞെത്തിയ പൊലീസ് കുഞ്ഞുമായി രക്ഷപ്പെടുന്ന പ്രതികളുടെ ദൃശ്യം ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞത് കണ്ടെടുത്തു. ഇത് അന്വേഷണത്തിൽ നിർണായകമായി. 3 സംഘങ്ങൾ രൂപീകരിച്ച് വ്യാപക തിരച്ചിൽ നടത്തുന്നതിനെ ഒരു വീട്ടിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഇതോടെ ആശങ്കയുടെ മണിക്കൂറുകൾക്ക് വിരാമം.
കലബുർഗി സ്വദേശികളായ ഉമേറ, ഫാത്തിമ, നസ്രിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയയുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇവർ കുഞ്ഞിനെ 50000 രൂപയ്ക്ക് വിറ്റ സ്ത്രീയ്ക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്.