പൊലീസിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ സ്റ്റേഷനുമുന്നില്‍ നിര്‍ത്തിയിട്ട വാന്‍ കത്തിച്ച് പ്രതി. അടിപിടിക്കേസില്‍  ജാമ്യത്തിലിറങ്ങിയ പ്രതി ചുള്ളിമട സ്വദേശി പോൾരാജിനെ (50)  പൊലീസ് പിന്തുടര്‍ന്ന് അറസ്‌റ്റു ചെയ്‌തു. വാളയാര്‍ സ്റ്റേഷനിലാണ് സംഭവം.  സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട പിക്കപ് വാൻ അടിപിടി കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി രാത്രിയിലെത്തിയാണ് തീയിട്ടു നശിപ്പിച്ചത്.  പൊലീസ് സ്‌റ്റേഷനു മുന്നിലെ ദേശീയപാതയിലെ സർവീസ് റോഡിൽ പാർക് ചെയ്‌തിരുന്ന വാഹനമാണ് കത്തിച്ചുനശിപ്പിച്ചത്. ഇന്നലെ രാത്രി 8മണി കഴിഞ്ഞാണ് സംഭവം. 

ജനവാസ മേഖലയിൽ പ്ലാസ്‌റ്റിക് മാലിന്യം തള്ളിയ കേസിൽ തൊണ്ടി മുതലായി പൊലീസ് പിടികൂടി സ്‌റ്റേഷനു മുന്നിൽ നിർത്തിയിട്ടതായിരുന്നു പിക്കപ് വാൻ.  തീയിട്ട ശേഷം സ്‌ഥലത്തു നിന്നും പോള്‍രാജ്  ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും  പൊലീസ് പിന്തുടർന്നു പിടികൂടി. മദ്യപിച്ചു അടിപിടിയുണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ടോടെയാണ് പോൾ രാജിനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ‌സ്റ്റേഷനിലെത്തിച്ചത്. പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം വൈകിട്ടോടെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇതിന്റെ പ്രതികാരത്തിലാണ് രാത്രിയോടെ സ്‌റ്റേഷനു സമീപത്തെത്തി സർവീസ് റോഡിൽ നിർത്തിയിട്ട പിക്കപ് വാൻ പോൾ രാജ് പെട്രോൾ ഒഴിച്ച് തീയിട്ടത്. 

 ‌സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നു പുക ഉയരുന്നതു കണ്ടാണ് പൊലീസ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തേക്ക് ഓടിയെത്തിയത്. വാഹനത്തിൽ തെർമോകോൾ ഉൾപ്പെടെയുള്ള പ്ലാസ്‌റ്റിക് സാമഗ്രികളാണ് ഉണ്ടായിരുന്നത്. ഇതിനാൽ പെട്ടെന്നു തീ മുഴുവൻ ഭാഗങ്ങളിലേക്കും പടർന്നു. ഈ സമയംകൊണ്ട് പ്രതി

 ഓട്ടോയിൽ കയറി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും ഇൻസ്പെക്‌ടർ എൻ.എസ്.രാജീവ്, എസ്ഐ ജെ.ജയ്‌സൺ എന്നിവരുടെ നേതൃത്വത്തിൽ പിന്തുടർന്നു പിടികൂടി. 

വാഹനം പൂർണമായി കത്തിനശിച്ചു. സർവീസ് റോഡിലുണ്ടായിരുന്ന യാത്രാ വാഹനങ്ങളിലേക്ക് ഉൾപ്പെടെ തീപടരുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നു ഉടൻ തീയണച്ചു. കഞ്ചിക്കോട് സ്‌റ്റേഷൻ ഓഫിസർ ടി.ആർ.രാജേഷിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയാണ് തീയണച്ചത്. തൊണ്ടിമുതൽ നശിപ്പിക്കൽ, ഉദ്യോഗസ്‌ഥരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകളിൽ കേസെടുത്താണ് പോൾ രാജിനെ അറസ്‌റ്റ് ചെയ്ത‌ത്. പോൾരാജിനു പ്ലാസ്റ്റിക് മാലിന്യം തള്ളിയ കേസുമായി  ഒരു ബന്ധവുമില്ലെന്നും അടിപിടി കേസിൽ കസ്‌റ്റഡിയിലെടുത്തതിലുണ്ടായ ദേഷ്യമാണ് സംഭവത്തിലേക്കു നയിച്ചതെന്നും വാളയാർ ഇൻസ്പെക്‌ടർ എൻ.എസ്.രാജീവ് അറിയിച്ചു.

The accused set fire to the van parked in front of the Valayar station :

The accused set fire to the van parked in front of the station . The accused Polraj ,a resident of Chullimada, who was out on bail in an another case , was chased by the police and arrested.