ഗുജറാത്തിൽ 19 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. ബലാല്‍സംഗത്തിനു ശേഷവും പ്രതി കൃത്യം നടന്ന സ്ഥലത്തെത്തിയതായി പൊലീസ് നേരത്തേ പറഞ്ഞിരുന്നു. തന്‍റെ സാധനങ്ങള്‍ എടുക്കാന്‍ വേണ്ടിയാണ് പ്രതി എത്തിയത് എന്നായിരുന്നു നിഗമനം. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കണ്ണില്ലാത്ത ക്രൂരതയുടെ വിവരങ്ങൾ പുറത്തുവരുന്നത്. മൃതദേഹത്തിൽ ഇയാള്‍ വീണ്ടും ലൈംഗികാതിക്രമം നടത്തിയെന്നും ഇതിനാണ് കൃത്യം നടന്ന സ്ഥലത്ത് വീണ്ടുമെത്തിയത് എന്നുമാണ് പൊലീസ് പറയുന്നത്. കൊള്ളയും കൊലയും ബലാല്‍സംഗവും പതിവാക്കിയ ഇയാള്‍ സീരിയല്‍ കില്ലറാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗുജറാത്തിലെ ഉദ്‌വാഡയില്‍ നവംബര്‍ പതിനാലിനാണ് ക്രൂരകൃത്യം അരങ്ങേറിയത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്തൊന്‍പതുകാരിയെ ഉദ്‌വാഡ റെയിൽവേ സ്‌റ്റേഷനു സമീപത്തു വച്ചാണ് പ്രതി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഹരിയാന റോഹ്തക് സ്വദേശിയായ പ്രതി രാഹുൽ കരംവീർ ജാട്ടിനെ നവംബർ 24ന് പൊലീസ് പിടികൂടുകയും ചെയ്തു. കൂടുതല്‍ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഇയാള്‍ ഒന്നിലധികം തവണ ബലാല്‍സംഗം ചെയ്തതായി കണ്ടെത്തി. തുടർന്ന് പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇയാള്‍ മൃതദേഹത്തിലും ലൈംഗിക വേഴ്ച നടത്തിയെന്നും കണ്ടെത്തി.
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഉദ്‌വാഡ റെയിൽവേ സ്റ്റേഷനിലെത്തിയ ഇയാള്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പ്ലാറ്റ്ഫോമുകളിലെ സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ട്. ഫ്രൂട്ട് സാലഡ് കഴിച്ച് ഒരു കുപ്പി വെള്ളവും വാങ്ങി ഇയാള്‍ സംഭവസ്ഥലത്ത് തിരിച്ചെത്തി മൃതദേഹത്തിൽ ലൈംഗിക വേഴ്ച നടത്തുകയായിരുന്നു. പെൺകുട്ടിയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും കുട്ടിയെ തിരഞ്ഞെത്തിയപ്പോൾ ഇയാള്‍ കുറ്റിക്കാടുകള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്നു. പിന്നീട് വീണ്ടും മൃതദേഹത്തിൽ ലൈംഗിക വേഴ്ച നടത്താൻ സ്ഥലത്തെത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതിനകം മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റിയിരുന്നു. ഭക്ഷണം കഴിച്ച് തിരിച്ച് വരാനുള്ള ഉദ്ദേശത്തോടെയാണ് ഇയാള്‍ ബാഗും വസ്തുക്കളും കൃത്യം നടന്ന സ്ഥലത്തുതന്നെ സൂക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. സമീപത്ത് ആള്‍പ്പെരുമാറ്റം കേട്ടതോടെ ഇയാള്‍ സാധനങ്ങളുപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു.
പ്രതിയുടെ ബാഗും വസ്തുക്കളും കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. സമീപത്തെ റെയിൽവേ സ്റ്റേഷനുകളില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലെ ആളുകള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും അവരുടെ കയ്യിലെ ബാഗും പ്രതിയുടെ ബാഗും ബാഗിലെ വസ്ത്രങ്ങളും പൊലീസ് ഒത്തുനോക്കി. തുടര്‍ന്ന് ഇയാളെ തിരിച്ചറിഞ്ഞ സൂറത്തിലെ ലാജ്‌പൂർ സെൻട്രൽ ജയിലിൽ നിന്നുള്ള ജീവനക്കാരന്‍റെ സഹായത്തോടെയാണ് പ്രതിയിലേക്കെത്തിയത്. തെളിവെടുപ്പിനിടെ കുറ്റകൃത്യം പ്രതി വിവരിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് യൂണിറ്റുകൾ ചേര്‍ന്ന് 2,000 സിസിടിവി ക്യാമറകൾ പരിശോധിച്ചും വിവിധ ജില്ലകളിലെ തിരച്ചിലുകള്‍ക്കൊടുവിലുമാണ് പ്രതിയെ പിടികൂടിയത്. കുറഞ്ഞത് അഞ്ച് കൊലപാതകങ്ങളിലെങ്കിലും പ്രതിയാണ് ഇയാള്‍. അഞ്ചാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഇയാളെ അച്ഛന്‍റെ മരണത്തിന് ശേഷം കുടുംബവും ഉപേക്ഷിക്കുകയായിരുന്നു. നാടുവിട്ട പ്രതി ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരെ കൊള്ളയടിക്കുന്നതും കൊലപ്പെടുത്തുന്നതും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതും പതിവാക്കി. റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളുമായിരുന്നു ഇയാളുടെ വിഹാര കേന്ദ്രങ്ങൾ. പ്രത്യേകിച്ച്, ഭിന്നശേഷി യാത്രക്കാർക്ക് വേണ്ടിയുള്ള കോച്ചുകൾ. ഒരിടത്തും സ്ഥിരമായി തങ്ങാത്ത പ്രതി റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലുമാണ് രാത്രികാലങ്ങള്‍ തള്ളിനീക്കിയത്.
കൊലപാതകത്തിന് ശേഷം അറസ്റ്റിന്‍റെ തലേന്ന് തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ വച്ച് ഒരു സ്ത്രീയെ ഇയാള്‍ കൊള്ളയടിച്ചിരുന്നു. ഒക്ടോബറിൽ മഹാരാഷ്ട്രയിലെ സോലാപൂർ റെയിൽവേ സ്‌റ്റേഷനു സമീപം ട്രെയിനിൽ വെച്ച് ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലും പശ്ചിമ ബംഗാളിലെ ഹൗറ റെയിൽവേ സ്‌റ്റേഷനു സമീപം കതിഹാർ എക്‌സ്പ്രസ് ട്രെയിനിൽ വയോധികനെ കുത്തിക്കൊന്ന കേസിലും പ്രതിയാണിയാള്‍. കർണാടകയിലെ മുൽക്കിയിൽ ട്രെയിൻ യാത്രക്കാരനെ കൊലപ്പെടുത്തിയതാണ് മറ്റൊരു കേസ്. കവർച്ചക്കേസുമായി ബന്ധപ്പെട്ട് ജോധ്പൂർ സെൻട്രൽ ജയിലിൽ നിന്ന് ഈ വർഷം ആദ്യമാണ് ഇയാള്‍ പുറത്തിറങ്ങിയത്. പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെല്ലാം ഇയാള്‍ക്കെതിരെ കൊള്ളയും കൊലപാതകവുമടക്കം കേസുകള്‍ നിലവിലുണ്ട്.