സോഫ്റ്റ് വെയർ എൻജിനീയാണെന്ന് തെറ്റിധരിപ്പിച്ച്, വീടും സ്ഥലവും വാങ്ങി തരാം എന്നു പറഞ്ഞ്, യുവതിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയ കേസില്‍ കേസിൽ ടാപ്പിംഗ് തൊഴിലാളി പിടിയില്‍. കൊട്ടാരക്കര വാളകം പൊയ്കവിളയിൽ ആർ. സുരേഷ് കുമാറാണ് (49) അടൂര്‍ പൊലീസിന്‍റെ പിടിയിലായത്. അനൂപ് ജി. പിള്ള എന്ന പേരിൽ സമൂഹമാദ്ധ്യമത്തില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് സുരേഷ് കുമാർ പെൺകുട്ടിയുമായി അടുപ്പത്തിലായത്. കവടിയാറുള്ള സ്വകാര്യ കമ്പനിയിലാണ് ജോലി എന്നാണ് സുരേഷ് കുമാർ യുവതിയോട് പറഞ്ഞിരുന്നത്. തിരുവനന്തപുരത്ത് വന്‍ ലാഭത്തിൽ വീടും സ്ഥലവും വാങ്ങിതരാമെന്നു പറഞ്ഞ് കുറേ വീടുകളുടെ ചിത്രങ്ങൾ ഇയാൾ യുവതിയെ കാണിച്ചു. തുടർന്ന് വീടിന് അഡ്വാൻസ് നൽകാനായി പണം ആവശ്യപ്പെട്ടു. തന്റെ ബാങ്ക് അക്കൗണ്ടിന് ചില പ്രശ്നങ്ങളുള്ളതിനാല്‍ വീട്ടിലെ റബർ തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇടാൻ ആവശ്യപ്പെട്ടു. 25000 രൂപയാണ് യുവതി ആദ്യം ഈ അക്കൗണ്ടിലേക്ക് അയച്ചു. പിന്നീട് പല തവണയായി 15 ലക്ഷം രൂപ ഇയാൾ കൈക്കലാക്കി. പണം ലഭിച്ചതോടെ ഇയാള്‍ പെണ്‍കുട്ടിയെ ബ്ലോക്ക് ചെയ്യുകയായിരുന്നു. കവടിയാറിൽ എത്തി അനൂപ് ജി.പിള്ളയെ തിരക്കിയപ്പോള്‍ അങ്ങനെയൊരാൾ അവിടെ ഇല്ലെന്ന് കണ്ടെത്തി. തുടർന്നാണ് അടൂർ പൊലീസ് പ്രതിയെ പിടികൂടിയത്.