വാഹനത്തിലെത്തിയ സംഘം തനിച്ച് നില്‍ക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം.  തഴവ മണപ്പള്ളി തിരുവോണത്തില്‍  അഖില്‍ദേവ് (29) ആണ് പിടിയിലായത്. ഡിസംബര്‍ നാലിന് രാത്രി പത്തോടെ അഴകിയകാവിന് സമീപം നില്‍ക്കുകയായിരുന്ന യുവാവിനെ അഖില്‍ അടക്കമുള്ള പ്രതികള്‍ വാഹനത്തിലെത്തി അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. 

വടികൊണ്ടുള്ള ആക്രമണത്തില്‍ യുവാവിന്റെ മുഖത്ത് പരിക്കേല്‍ക്കുകയും പല്ല് ഇളകിപ്പോവുകയും ചെയ്തു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു. ഒളിവിലായിരുന്ന അഖിലിനെ കരുനാഗപ്പള്ളി പൊലീസാണ് പിടികൂടിയത്. 

യുവാവിനെ ആക്രമിച്ച സംഘത്തിലെ മറ്റ് പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  പ്രതിയെ പിടികൂടിയത്. 

ENGLISH SUMMARY:

Youth was assaulted and injured; One arrested