മാട്രിമോണിയൽ വഴി പരിചയപ്പെട്ട യുവാവിന്‍റെ പ്രായമായ അമ്മയെയും അച്ഛനെയും പറ്റിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത യുവതിയും സുഹൃത്തും അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. കരുനാഗപ്പള്ളി ആലംകടവ് മരുതെക്ക് ഒട്ടത്തിമുക്കത്ത് വാടകയ്ക്ക് താമസിക്കുന്ന ബിൻസി (43), കണ്ണൂർ തലശ്ശേരി സ്വദേശി അശിൻ കുമാർ (32) എന്നിവരാണ് പി​ടി​യി​ലായത്.

ഒന്നാം പ്രതി ബിൻസി കൊല്ലം പെരിനാട് സ്വദേശിയായ പരാതിക്കാരിയുടെ മകനുമായി മാട്രിമോണിയൽ വഴി ആദ്യം പരിചയപ്പെട്ടു. അതിന് ശേഷം വീട്ടിലെ ചുറ്റുപാടിനെപ്പറ്റിയും മാതാപിതാക്കളെപ്പറ്റിയുമെല്ലാം തഞ്ചത്തില്‍ മനസിലാക്കി. ഇനിയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ബിൻസിയും ബിൻസിയുടെ സഹോദരൻ എന്ന് പരിചയപ്പെടുത്തിയ അശിൻ കുമാറും പരാതിക്കാരിയുടെ ഭർത്താവിന്റെ പരിചരണത്തിന് എന്ന വ്യാജേനെ വീട്ടി​ലെത്തി​. 

ബിൻസിയും അശിനും ചേർന്ന് പരാതിക്കാരിയുടെ ഭർത്താവിനെ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലെത്തി​ച്ചു. ചികിത്സാ ചെലവി​നെന്ന പേരില്‍ മാലയും കമ്മലും ഉള്‍പ്പടെ 6പവൻ സ്വര്‍ണം വാങ്ങി​. പി​ന്നീട് ആശുപത്രിയിൽ നിന്ന് പരാതിക്കാരിയെ അശിൻ ചെമ്മക്കാടുള്ള ബാങ്കിലെത്തി​ച്ച് അവിടെ പണയത്തി​ലി​രുന്ന 12 പവനിലധികം വരുന്ന ആഭരണങ്ങൾ എടുപ്പിച്ചു. അതും വിറ്റു. പിന്നീട് ഭർത്താവിന്റെയും എ.ടി​.എം കാർഡ് കൈക്കലാക്കി  ഗൂഗിൾ പേ വഴി 5 ലക്ഷം രൂപ തട്ടിയെടുത്തു. മൊത്തം പതിനെട്ടര പവനും 5 ലക്ഷം രൂപയും ഇവര്‍ കവര്‍ന്നെന്നാണ് പരാതി. 

കുണ്ടറ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ബിൻസിയും അശിനും സഹോദരങ്ങൾ അല്ലെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ സ്വദേശിയായ അശിന്‍ കൊല്ലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതി​നി​ടെയാണ് ബി​ൻസി​യെ പരിചയപ്പെട്ടത്. ഇവര്‍ ഒരുമിച്ചായിരുന്നു താമസമെന്നും പൊലീസ് പറയുന്നു. 

ENGLISH SUMMARY:

Woman and friend Arrested for Robbing Gold and Cash