mdma-case-arrest

എംഡിഎംഎ ഉൾപ്പടെയുള്ള ലഹരിക്കടത്ത് പിടിക്കപ്പെടാതിരിക്കാൻ രണ്ട് വയസുള്ള കുട്ടിയെ ഉപയോ​ഗിച്ച് ദമ്പതികൾ. പൊലീസിനെ കണ്ട് നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് രണ്ട് വയസുള്ള കുട്ടിയുമായിട്ടായിരുന്നു ലഹരിക്കടത്ത് സംഘത്തിൻ്റെ യാത്ര എന്ന് പൊലീസിന് വ്യക്തമായത്. 

കാസർകോട് മഞ്ചക്കല്ലിൽ നടന്ന വൻ ലഹരിമരുന്ന് വേട്ടയിൽ 100 ഗ്രാം എംഡിഎംഎയുമായാണ് ദമ്പതികൾ ഉൾപ്പെടെ നാലുപേരെ ആദൂർ പൊലീസ് പിടികൂടിയത്. ലഹരിക്കടത്ത് പിടിക്കപ്പെടാതിരിക്കാൻ ഷാനവാസ്‌ - ഷെരീഫ ദമ്പതികളുടെ രണ്ട് വയസുള്ള കുട്ടിയുമായിട്ടായിരുന്നു സംഘത്തിൻ്റെ യാത്ര.  കോട്ടക്കണ്ണി സ്വദേശി ഷാനവാസിനെയും ഭാര്യ ഷെരീഫയെയും കൂടാതെ മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ്‌ സഹദ് , ചെമ്മനാട് മൂടംബയൽ സ്വദേശി ഷുഹൈബ എന്നിവരാണ് അറസ്റ്റിലായത്. നൂറ് ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടികൂടി.  

രഹസ്യ വിവരത്തെ തുടർന്ന് ആദൂർ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. പൊലീസിനെ കണ്ട് ഇവർ കാർ നിർത്താതെ പോവുകയായിരുന്നു. പെട്ടെന്ന് പൊലീസിന് സംശയം തോന്നാതിരിക്കാനായാണ് ദമ്പതികൾ കുഞ്ഞിനെ കൂടെക്കൂട്ടുന്നത്. വാഹനത്തിൽ അമ്മയുടെ മടിയിൽ കുഞ്ഞിരിക്കുന്നത് കാണുമ്പോൾ വാഹനം ചെക്ക് ചെയ്യാതെ പറഞ്ഞയക്കും എന്ന വിശ്വാസത്തിലാണ് ഇവർ ഇത് സ്ഥിരം പരിപാടിയാക്കിയിരുന്നത്. 

ബംഗളൂരുവിൽ നിന്നാണ് ഇവർ എംഡിഎംഎ കടത്തിക്കൊണ്ട് വന്നത്. കണ്ണൂർ, കാസർകോട് ജില്ലയിൽ വിതരണം ചെയ്യാനായിരുന്നു ലഹരിമരുന്ന്. സംഘം സഞ്ചരിച്ച കാറും ആദൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സമാനരീതിയിൽ ഇവർ ഇതിന് മുമ്പും ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.   

ENGLISH SUMMARY:

Couple travels with a two-year-old child to avoid being caught smuggling drugs