ഈ കാറിന്റെ കിടപ്പുകണ്ടോ?.. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങിയാൽ കുന്നിൻ മുകളിൽ നിന്ന് താഴേയ്ക്ക് ഈ വാഹനം മറിഞ്ഞുവീഴും.
വർക്കല പാപനാശം വള്ളക്കടവ് ആലിയിറക്കം കുന്നിൻമുകളിൽ 4 യുവാക്കൾ ചേർന്ന് നടത്തിയ കാറ് കൊണ്ടുള്ള അഭ്യാസപ്രകടനത്തിന്റെ ബാക്കിപത്രമാണിത്. ഇന്നലെ വൈകിട്ട് 5 മണിക്കായിരുന്നു അപകടകരമായ ഈ വാഹനമോടിക്കൽ. തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് വർക്കല സ്വദേശികളായ നാല് യുവാക്കളാണ്.
അപകടകരമായ ഡ്രൈവിങ്ങിനിടെ, മാരുതി സ്വിഫ്റ്റിന്റെ മുൻഭാഗം കുന്നിൻചെരിവിൽ ഇടിച്ചു നിന്നതിനാലാണ് ഈ യുവാക്കൾ രക്ഷപ്പെട്ടത്. കുന്നിന്റെ മുകളിൽ നിന്ന് 50 അടിയോളം താഴ്ചയിലേക്ക് വീഴാവുന്ന തരത്തിലാണ് വർക്കല സ്വദേശികളായ യുവാക്കൾ മാരുതി സ്വിഫ്റ്റ് ഓടിച്ചത്. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് വർക്കല പൊലീസ് പറഞ്ഞു.
പരിസരവാസികളുടെ സഹായത്തോടെ കാറിന്റെ ഡോറുകളിൽ കൂടിയാണ് കുടുങ്ങിക്കിടന്ന യുവാക്കളെ പുറത്തെത്തിച്ചത്. വർക്കല ഫയർ ആന്റ് റെസ്ക്യു ടീം സ്ഥലത്തെത്തി റോപ് ഉപയോഗിച്ച് റിക്കവറി വാഹനത്തിന്റെ സഹായത്തോടെ കെട്ടി വലിച്ചാണ് കാർ മാറ്റിയത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് യുവാക്കൾക്കെതിരെ കേസെടുക്കുമെന്ന് വർക്കല പൊലീസ് പറഞ്ഞു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.