ഒന്നിച്ചുജീവിച്ചവര്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാനിരിക്കെ നടന്നത് ക്രൂരകൊലപാതകം. തിരുവനന്തപുരം പോത്തന്‍കോട് കണ്ടല്‍ നിയാസ് മന്‍സിലില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു 33കാരിയായ ഷാനുവും മക്കളും. വൈകിട്ട് മക്കള്‍ സ്കൂള്‍ വിട്ടുവന്നപ്പോള്‍ കണ്ടത് അമ്മ ഹാളില്‍ ജീവനറ്റ് കിടക്കുന്നതായിരുന്നു. യുവതിക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് തിരുനെല്‍വേലി സ്വദേശി രംഗനു വേണ്ടിയുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ പൊലീസ്. രാവിലെ രംഗന്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ കുട്ടികള്‍ സ്കൂള്‍ വിട്ടുവന്ന ശേഷം രംഗനെ കണ്ടിട്ടില്ല.
ഷാനുവിന്റെ 2 പവന്‍റെ സ്വർണമാലയും കമ്മലും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. ഇന്നലെ രാവിലെ തിരുവനന്തപുരം തഹസിൽദാർ എം.എസ്.ഷാജുവിന്‍റെ സാന്നിധ്യത്തിൽ പൊലീസ് മഹസർ തയാറാക്കി. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹത്തിനു സമീപം കനംകുറഞ്ഞ കയറിന്‍റെ കഷണം ഉണ്ടായിരുന്നു. ഷാനുവിന്‍റെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിൽ തിങ്കളാഴ്ച വിവാഹം റജിസ്റ്റർ ചെയ്യാനിരിക്കെയാണ് ഷാനുവിന്‍റെ അപ്രതീക്ഷിത മരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതേ ദിവസം തന്നെയായിരുന്നു രംഗന്‍റെ ജന്മദിനവും. ആഘോഷം വൈകിട്ട് കേക്കു മുറിച്ച് ആവാമെന്ന് കുട്ടികളോട് ഷാനു പറഞ്ഞിരുന്നു. 8 വർഷം മുൻപ് കണിയാപുരത്തിനു സമീപത്തെ ഹോട്ടലിൽ വച്ചായിരുന്നു രംഗനെ ഷാനു പരിചയപ്പെട്ടത്. എന്നാൽ, ഇടയ്ക്ക് ഇരുവരും അകന്നിരുന്നു. 6 മാസം മുൻപ് ഇവർ കരിച്ചാറയിലെ വാടകവീട്ടിൽ ഒരുമിച്ചു താമസം തുടങ്ങി. വീട്ടില്‍ കലഹം പതിവായിരുന്നെന്ന് കുട്ടികള്‍ പറയുന്നു.
ഷാനുവിന്‍റെ ഭർത്താവ് ചിറയിൻകീഴ് ചെറുവള്ളിമുക്ക് സ്വദേശി ബിനു 8 വർഷം മുൻപ് മരിച്ചിരുന്നു. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട് അനാഥത്വത്തിന്‍റെ വക്കിലായ കുട്ടികളുടെ താമസവും തുടർപഠനവും സംരക്ഷണച്ചുമതലയും ഏറ്റെടുക്കാന്‍ തയ്യാറെന്ന് സിഡബ്ല്യുസി വ്യക്തമാക്കി.