എറണാകുളം കാലടിയിൽ പച്ചക്കറിക്കട മാനേജറെ ആക്രമിച്ചു പണം കവർന്ന കേസിൽ വഴിത്തിരിവായത് കുരുമുളക് സ്പ്രേ കുപ്പി കേന്ദ്രീകരിച്ചു നടത്തിയ അന്വഷണം. ഓൺലൈനിൽ നിന്ന് വാങ്ങിയ സ്പ്രേ കുപ്പിയുടെ ബാച്ച് നമ്പർ ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പച്ചക്കറി കടയിലെ മുൻ ഡ്രൈവർ അനിൽ കുമാർ ജയിലിൽ വച്ചാണ് മറ്റ് പ്രതികളുമായി കവർച്ചയുടെ ഗൂഢാലോചന നടത്തിയത്.
സിനിമകഥയെ വെല്ലുന്ന ആസൂത്രണത്തോടെയാണ് കാലടിയിലെ VKD പച്ചക്കറിക്കട മാനേജരെ ആക്രമിച്ചു 21 ലക്ഷം രൂപ കവർന്നത്. ഡിസംബർ 27 ന് വൈകിട്ട് പണവുമായി കടയിൽ നിന്ന് വീട്ടിലേക്ക് പോയ തങ്കച്ചനെ വഴിയിൽ തടഞ്ഞു നിർത്തി കുത്തി പരിക്കേൽപ്പിച്ച ശേഷം കുരുമുളക് സ്പ്രേ മുഖത്തേക്ക് അടിച്ച് പണം കവരുകയായിരുന്നു. ആക്രമിച്ച ശേഷം ഉപേക്ഷിച്ച കുരുമുളക് സ്പ്രേ യുടെ കുപ്പിയാണ് അന്വഷണത്തിൽ നിർണായകമായത്. ഓൺലൈനിൽ വാങ്ങിയ സ്പ്രേയുടെ ബാച്ച് നമ്പർ ഉപയോഗിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. കുപ്പിയുടെ മുകളില്‍ ബാച്ച് നമ്പറും മൊബൈല്‍ നമ്പറും ഉണ്ടായിരുന്നു. പരിശോധിച്ചപ്പോള്‍ ഫ്ലിപ് കാര്‍ട്ടില്‍ നിന്നും ഓര്‍ഡര്‍ ചെയ്തതാണെന്ന് വ്യക്തമായി. ഉടന്‍ തന്നെ ഫ്ലിപ് കാര്‍ട്ടുമായി ബന്ധപ്പെട്ടു. കേരളത്തിലേക്ക് വന്ന എല്ലാ ഓര്‍ഡറുകളും പരിശോധിച്ചു. അതോടെ പെപ്പര്‍ സ്പ്രേ വാങ്ങിയതാരെന്ന കാര്യത്തില്‍ വ്യക്തത വന്നു.
പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തില്‍ 27പേരടങ്ങുന്ന സംഘമായിരുന്നു അന്വേഷണം നടത്തിയത്. പിന്നീട് പ്രതികൾ സഞ്ചരിച്ച ബൈക്കും സമീപ പ്രദേശങ്ങളിലെ സി സിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വഷണം നടത്തി. കേസിലെ ഒന്നും രണ്ടും പ്രതികളായ വിഷ്ണു പ്രസാദ്, അനീസ് എന്നിവരാണ് ആക്രമിച്ചു പണം കവർന്നത്. 13 പേരാണ് പ്രതി പട്ടികയിൽ ഉള്ളത്. പത്തുപേരെ പിടികൂടിക്കഴിഞ്ഞു. കവർച്ച ചെയ്ത പണം പങ്കു വച്ചതിന് ശേഷം വിഷ്ണുവും അനീസും രണ്ട് വഴികളിലായി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം ഗോവ, മുംബൈ, വാരാണസി, പഴനി എന്നിവിടങ്ങൾ സഞ്ചരിച്ച വിഷ്ണുവിനെ പഴനിയിൽ നിന്നാണ് പിടികൂടിയത്.
വയനാട്ടിലെ ഒളി സങ്കേതത്തിൽ നിന്നാണ് അനീസ് പിടിയിലാകുന്നത്. കേസിലെ മൂന്നാം പ്രതിയും പച്ചക്കറി കടയിലെ മുൻ ഡ്രൈവറും ആയിരുന്ന അനിൽകുമാർ ആണ് പണത്തിന്റെ വിവരങ്ങൾ നൽകിയത്. പോക്സോ കേസിൽ ജയിലിൽ കഴിയവെയാണ് അനിൽകുമാർ മറ്റ് പ്രതികളെ കാണുന്നതും ഗൂഢാലോചന നടത്തിയതും. മോഷ്ടിച്ച 21ലക്ഷത്തിൽ 12.5 ലക്ഷം രൂപ പോലീസ് കണ്ടെത്തി.