1600 തവണ ഫോണ്‍ വിളിച്ചിട്ടും അവഗണിച്ചതിനെ തുടര്‍ന്ന് കാമുകിയെയും അവരുടെ ആറുവയസുകാരിയായ മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി 25കാരന്‍. യുപിയിലെ മല്ലിഹബാദിലാണ് സംഭവം. 24കാരിയായ ഗീത, മകള്‍ ദീപിക എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗീതയുടെ ബന്ധുവായ വികാസ് ജയ്സ്വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.  ജനുവരി 15നാണ് യുവാവ് ഇരുവരെയും കൊല്പപെടുത്തിയത്.

ഗീതയുടെ ഭർത്താവിന് മുംബയിലാണ് ജോലി.  സംഭവ സമയം വീട്ടിൽ ഗീതയും മകള്‍ ദീപികയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മൂത്തമകന്‍ ദീപാൻഷു അന്ന് ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു. കഴുത്തറുത്ത് കൊലപ്പെടുത്തിയത് കൂടാതെ മരിച്ചവരുടെ ശരീരത്തിൽ അനവധി മുറിവുകളുണ്ടായിരുന്നു. 

ദീപികയെ ഫോണ്‍ ചെയ്തിട്ടും എടുക്കാത്തതോടെ സംശയം തോന്നിയ ബന്ധുക്കള്‍ വീട്ടിലെത്തുകയായിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ അവസ്ഥയിലായിരുന്നു. ഏണിയുപയോഗിച്ച് വീട്ടിനകത്ത് കടന്നപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടത്. 

മൃതദേഹത്തിന് അരികില്‍ നിന്ന് ലഭിച്ച രണ്ട് മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ 11 മാസത്തിനിടെ വികാസ്, ഗീതയെ 1600 തവണ വിളിച്ചിരുന്നതായി കണ്ടെത്തി. വികാസ് മിക്ക ദിവസവും വീട്ടിൽ വന്നിരുന്നുവെന്ന് ഗീതയു‌ടെ മകന്‍ പൊലീസിന് മൊഴി നല്‍കുകയും ചെയ്തു. 

കൊവിഡ് കാലത്ത് ഭര്‍ത്താവിന്‍റെ അഭാവത്തിലാണ് ഗീതയുമായി ശാരീരികബന്ധം ആരംഭിച്ചതെന്ന് വികാസ് പറയുന്നു. ഗീത പറഞ്ഞതനുസരിച്ചാണ് കുവൈറ്റിലെ ജോലി കളഞ്ഞ് താന്‍ നാട്ടിലെത്തിയത്. അടുത്തിടെ ഗീത എന്നെ ഒഴിവാക്കാന്‍ ശ്രമിക്കും പോലെ തോന്നി. അക്കാര്യം സംസാരിക്കാനാണ് ജനുവരി 15ന് ഗീതയെ കാണാനെത്തിയത്. സംസാരം കൈയ്യാങ്കളിയിലെത്തിയപ്പോള്‍ മകള്‍ ഉണരുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും കഴുത്തറുത്ത് കൊന്നത്– വികാസ് മൊഴി നല്‍കി. 

കൊലപാതകത്തിന് ശേഷം സംഭവ സ്ഥലത്ത് പൊലീസെത്തിയപ്പോഴും വികാസ് ബന്ധുക്കളുടെ കൂട്ടത്തില്‍ അവിടെ തന്നെ ഉണ്ടായിരുന്നു. ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ മുന്‍പന്തിയില്‍ നിന്നതും വികാസ് തന്നെയായിരുന്നു. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പൊലീസ് അന്വേഷണം വഴിതെറ്റിക്കാനും യുാവവ് ശ്രമിച്ചു. ഫോൺ കോളുകള്‍ പരിശോധിച്ചപ്പോള്‍ മാത്രമാണ് വികാസിലേക്ക് അന്വേഷണം എത്തിയതെന്ന് പൊലീസ് പറഞ്ഞു. 

ENGLISH SUMMARY:

Obsession turns fatal: UP man murders woman, child for ignoring him; 1,600 calls in 11 months led to arrest. Geeta (24) and her six-year-old daughter Deepika were murdered in Mallihabad’s Isapur village by the former’s paramour, 25-year-old Vikas Jaiswal. Police arrested Jaiswal on Saturday