തിരുവനന്തപുരം കഠിനംകുളം കൊലപാതകക്കേസിലെ പ്രതിയുടെ കൂടുതല്‍ മൊഴികള്‍ പുറത്ത്. കൃത്യം നടന്ന ദിവസം രാവിലെതന്നെ പെരുമാതുറയിലെ മുറിയില്‍ നിന്നും പുറത്തിറങ്ങിയ പ്രതി ജോണ്‍സണ്‍ ആറരയോടെ ആതിര താമസിക്കുന്ന വീടിനു സമീപമെത്തി. മകനെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ ഒളിച്ചുനിന്നു. ഇതിനിടയില്‍ ഇരുവരും ഫോണില്‍ സംസാരിച്ചെന്നും ജോൺസൻ മൊഴി നൽകി.
ബൈക്കടക്കം വിറ്റിട്ടാണ് ആതിരയെ കാണാൻ തിരുവനന്തപുരത്ത് എത്തിയതെന്നും പ്രതി മൊഴി നല്‍കി. ആതിരയെ കുത്താനുള്ള കത്തി ചിറയിൻകീഴിൽ നിന്നാണ് വാങ്ങിയത്. ഈ മാസം ഏഴാം തിയതി തമ്മിൽ കണ്ടു. അന്ന് തന്റെ ബുള്ളറ്റിൽ ഒരുമിച്ചു യാത്ര ചെയ്തിരുന്നുവെന്നും പ്രതി മൊഴി നൽകി. ഡിസംബർ 7 മുതൽ ജനുവരി 7 വരെ ചിങ്ങവനത്തെ വീട്ടിൽ ഹോം നഴ്സായി ജോലി നോക്കിയ ജോൺസൻ അതിനു ശേഷമാണ് ജോലി ഉപേക്ഷിച്ചു പെരുമാതുറയിലെത്തിയത്.
കുഞ്ഞിനെയും കൊണ്ട് കൂടെ വരാൻ ആതിരയോട് പല തവണ ആവശ്യപ്പെട്ടിട്ടും തയാറാകാത്തതു കൊണ്ടാണ് കൊലപ്പെടുത്തിയത്. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അന്വേഷണ സംഘത്തിനോട് ജോണ്‍സണ്‍ പറയുന്നു.
പൂജാരിയായ ആതിരയുടെ ഭർത്താവ് ക്ഷേത്രത്തിൽ പോയതും, കുട്ടി സ്കൂളിൽ പോയതും ഉറപ്പുവരുത്തിയ ശേഷമായിരുന്നു ജോൺസൻ ആതിരയുടെ വീട്ടിനുള്ളിൽ പ്രവേശിച്ചത്. വീട്ടിലെത്തിയ പ്രതിയ്ക്ക് ആതിര ചായ നൽകിയെന്നും മൊഴിയുണ്ട്. ഈ സമയത്ത് കയ്യിൽ കരുതിയിരുന്ന കത്തി ജോൺസൻ കിടപ്പുമുറിയിലെ മെത്തയ്ക്ക് അടിയിൽ ഒളിപ്പിച്ചു. പിന്നീട് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നുവെന്നും ജോണ്‍സണ്‍.
ഇൻസ്റ്റഗ്രാം വഴിയാണ് ജോൺസനും ആതിരയും പരിചയപ്പെട്ടത്. വിവാഹിതനും മൂന്നു മക്കളുമുള്ള ഇയാള്‍ ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നത്. കോട്ടയം കുറിച്ചിയിൽ നിന്ന് ചിങ്ങവനം പൊലീസാണ് ജോൺസനെ പിടികൂടിയത്.