പീഡനക്കേസിലെ പ്രതി വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരത്തെ എം.എൽ.എ ഹോസ്റ്റലിൽ മുൻപ് പ്രവർത്തിച്ചിരുന്ന മലബാർ കിച്ചനിലെ ജീവനക്കാരിയെ പീഡിപ്പിച്ച് ഒളിവിൽപ്പോയ ആളാണ് 4 വർഷത്തിനുശേഷം അറസ്റ്റിലായത്. വയനാട് വൈത്തിരി അച്ചൂരം മുക്രി ഹൗസിൽ ഹാരിസിനെയാണ് (40) ബംഗളൂരുവിൽ പോയി മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിൽ ജോലി ശരിയാക്കി കൊടുക്കാമെന്നും, 2021ൽ കല്യാണം കഴിക്കാമെന്നും പറഞ്ഞായിരുന്നു പീഡിപ്പിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. കാന്റീനിലെ ബാത്‌റൂമിൽ വെച്ച് ഡ്രസ് മാറവേ, പരാതിക്കാരിയുടെ നഗ്ന ദൃശ്യം പകർത്തിയും, മദ്യം കുടിപ്പിച്ചും നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഹാരിസ് ഒളിവിൽപ്പോയി. ഡി.സി.പി ബി.വി. വിജയ് ഭരത് റെഡ്ഢിയുടെ നേതൃത്വത്തിൽ എ.സി.പി സ്റ്റുവെർട്ട് കീലറാണ് പ്രതിയെ പിടികൂടിയത്. സി.ഐ വിമൽ, എസ്.ഐമാരായ വിപിൻ, ഷിജു, ആശ ചന്ദ്രൻ, സി.പി.ഒമാരായ അജിത്കുമാർ, സന്തോഷ്, ബിനു ,ഷിനി, ശരത്, സുൽഫിക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.