ട്യൂഷൻ സെൻ്ററിൽ നന്നായി പാഠങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരുണ്ടെങ്കിൽ കുട്ടികൾ ചെല്ലും. മാസം ഫീസിൽ മാത്രമല്ല പഠിപ്പിക്കുന്നതിലും ആത്മാർത്ഥയുണ്ടെന്ന് തെളിയിച്ച, ഒരുപാട് കുഞ്ഞുങ്ങൾക്ക് അറിവിൻ്റെ വെളിച്ചം പകർന്ന ധാരാളം ട്യൂഷൻ സെൻ്ററുകളും അധ്യാപകരും നമ്മുടെ നാട്ടിലുണ്ടല്ലോ. പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള പാഠഭാഗങ്ങൾ , ചോദ്യ മോഡലുകൾ എന്നിവ പരീക്ഷ സമയത്ത് ട്യൂഷൻ സെൻ്ററുകളിൽ അധ്യാപകർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാറുമുണ്ട്, ഇതു നമുക്ക് കേട്ടു കേൾവി ഉള്ളതാണ്, അല്ലെങ്കിൽ അനുഭവുമുള്ളതാണ്.
പക്ഷേ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ പ്രവർത്തിക്കുന്ന എം എസ് സെലൂഷൻസ് എന്ന ട്യൂഷൻ സെൻ്റർ പാഠ ഭാഗമോ ചോദ്യ പേപ്പർ മോഡലുകളോ ഒന്നുമല്ല നൽകിയത്. കഴിഞ്ഞ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങൾ തന്നെ നൽകി. എം എസ് സൊലൂഷൻസിൻ്റെ സി ഇ ഒ ഷുഹൈബ് പരീക്ഷ തലേന്ന് യു ട്യൂബിൽ പ്രത്യക്ഷപ്പെടും ചോദ്യങ്ങൾ പറയും , പിറ്റെ ദിവസം ഈ ചോദ്യങ്ങൾ പരീക്ഷയ്ക്ക് ചോദിച്ചിരിക്കും, ശുഹൈബിൻ്റെ ഈ കഴിവ് കണ്ട് യുട്യൂബിൽ ആള് കൂടി, ചാനലിൻ്റെ സബ്സ്ക്രൈബേഴ്സ് ഇരട്ടിയായി. സാമാന്യ ബോധത്തെ പോലും ചോദ്യം ചെയ്യുന്ന തലത്തിലേക്ക് പ്രവചനം മാറി. അങ്ങനെ പല പരാതികൾ ഉയർന്നു, ചിലതൊക്കെ ഒതുക്കി.
ഒടുവിൽ കഴിഞ്ഞ ക്രിസ്മസ് പരീക്ഷയിലെ പത്താം ക്ലാസിലെ ഇംഗ്ലീഷും പ്ലസ് വണിലെ കണക്കു പരീക്ഷകളുമായി ബന്ധപ്പെട്ട പ്രവചനത്തിൽ പിടി വീണു. വിദ്യാഭ്യാസ വകുപ്പിലേക്ക് പരാതി എത്തി, പരാതി പൊലീസ് കേസായി , അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക് എത്തി, അന്വേഷണം സംഘം ചോദ്യ പേപ്പർ ചോർച്ച ഉറപ്പിച്ചു, പ്രവചനം മാത്രമാണെന്ന് പറഞ്ഞ് ഷുഹൈബ് ഒളിച്ചു നടന്നു. ഹൈക്കോടതിയിൽ നിന്ന് അറസ്റ്റു തടഞ്ഞുള്ള ഉത്തരവു വാങ്ങി മാധ്യമങ്ങൾക്കു മുന്നിൽ പ്രവചന സിദ്ധി ആവർത്തിച്ചു കൊണ്ടെയിരുന്നു. ഇതിനിടെ എം എസ് സൊലൂഷൻസിലെ അധ്യാപകരായ ജിഷ്ണുവിനെയും ഫഹദിനെയും ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. പക്ഷേ അപ്പോഴും ചോദ്യ പേപ്പറിൻ്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല.
ഇന്നലെ വൈകിട്ട് യഥാർത്ഥ ചോർത്തലുകാരനെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ആ കഥയ്ക്ക് കുറച്ച് ഫ്ലാഷ് ബാക്ക് ആവശ്യമാണ്. എം എസ് സോലൂഷൻസിലെ അധ്യാപകരെ ചുറ്റിപറ്റിയുള്ള അന്വേഷണമാണ് മലപ്പുറം മേൽമുറി മഅദീൻ സ്കൂളിൽ അന്വേഷണ സംഘത്തെ എത്തിച്ചത്.
ഈ സ്കൂളിലെ പ്യൂണും എം എസ് സോലൂഷൻസിലെ അധ്യാപകനായ ഫഹദിൻ്റെ സുഹൃത്തുമായ അബ്ദുൽ നാസറായിരുന്നു ചോർത്തലുകാരൻ. ഇവിടെ ഹെഡ്മാസ്റ്റർ ആയിരുന്നു ഫഹദ്, ജോലി രാജിവച്ചാണ് എം എസ് സോലൂഷൻസിൽ അധ്യാപനത്തിന് എത്തിയത് ഇവിടുത്തെ പരിചയം വച്ച് അബ്ദുൽ നാസർ വഴി ഫഹദ് ചോദ്യ പേപ്പറിൻ്റെ കോപ്പി സംഘടിപ്പിക്കുകയായിരുന്നു. ഫോട്ടോ എടുത്ത് വാട്സാപ്പിൽ അയച്ചു കൊടുക്കുകയായിരുന്നു പതിവ്.ചോദ്യ ചെയ്യലിൽ കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തിയെന്ന് നാസർ സമ്മതിച്ചു.
+ 1 ഫിസിക്സ്, കെമിസ്റ്ററി, ബയോളജി ചോദ്യ പേപ്പറുകളും അബ്ദുൽ നാസർ ചോർത്തിയിരുന്നു, എന്നാൽ യുട്യൂബ് വീഡിയോ വിവാദമായതോടെ ഇവ പ്രസിദ്ധീകരിച്ചില്ല. ചോദ്യ പേപ്പർ ചോർത്തിയതിന് ഫഹദിൽ നിന്നോ എം എസ് സൊലൂഷൻഷിൽ നിന്നോ നാസർ പ്രതിഫലം വാങ്ങിയതായി ഇപ്പോൾ അന്വേഷണം സ്ഥിരീകരണം നടത്തിയിട്ടില്ല. മുൻപ് ചോദ്യ പേപ്പർ ചോർത്തിയിട്ടുണ്ടോയെന്നതിലും കൂടുതൽ അന്വേഷണം വേണം. ഷുഹൈബിൻ്റെ പ്രവചനം തീർന്നു. ഉടൻ വലയിലാക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.പരീക്ഷ സമ്പ്രദായത്തെ തകർക്കാൻ തുനിഞ്ഞു ഇറങ്ങിയ കുറച്ച് പണ മോഹികൾക്ക് അങ്ങനെ പൂട്ട് വീണുവെന്നും പറയാം.