കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും പെണ്‍മക്കളും ട്രെയിനിനുമുന്നില്‍ ചാടി ജീവനൊടുക്കിയത് കുടുംബ പ്രശ്നം മൂലമാണെന്ന നിഗമനത്തില്‍ പൊലീസ്. സംഭവത്തില്‍, ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശി ചേരിയില്‍വലിയപറമ്പില്‍ നോബി ലൂക്കോസിന്‍റെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്.
കുടുംബ പ്രശ്നം മൂലം നോബി ലൂക്കോസുമായി അകന്നുകഴിയുകയായിരുന്നു ഷൈനി. ഷൈനി തന്‍റെ 2 മക്കളുമായി കഴിഞ്ഞ 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലാണു താമസിച്ചിരുന്നത്. ഷൈനിയുടെ മൂത്തമകൻ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. നഴ്സിങ് യോഗ്യതയുണ്ടായിട്ടും ജോലി ഇല്ലാതിരുന്നത്, ഷൈനിയെ മാനസികമായി അലട്ടിയിരുന്നെന്ന് അയൽവാസികൾ പറയുന്നു.
പള്ളിയിൽ പോകുകയാണെന്ന് നുണ പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടിൽ നിന്നിറങ്ങിയത്. വീടിനു 300 മീറ്റർ മാത്രം അകലെയാണ് പാറോലിക്കൽ റെയിൽവേ ഗേറ്റ്. ട്രെയിൻ എത്തിയപ്പോൾ മക്കളെയും ചേർത്തുപിടിച്ച് ഷൈനി ട്രാക്കിൽ കയറിനിൽക്കുകയായിരുന്നു.
മരിച്ച അലീനയും ഇവാനയും യഥാക്രമം 6, 5 ക്ലാസ് വിദ്യാർഥികളാണ്.
ഷൈനിയുടെ മൂത്ത മകൻ എഡ്വിന്‍റെ ആവശ്യപ്രകാരമാണ് ഷൈനിയുടെയും 2 മക്കളുടെയും മൃതദേഹം തൊടുപുഴ ചുങ്കത്തേക്ക് കൊണ്ടുവന്നത്. അമ്മയെയും സഹോദരങ്ങളേയും തന്‍റെ ഇടവക പള്ളിയിൽ സംസ്കരിക്കണമെന്നായിരുന്നു എഡ്വിന്‍റെ ആവശ്യം. മൃതദേഹം ഏറ്റുവാങ്ങാൻ ഭാര്യ വീട്ടിൽ എത്തിയ ഭർത്താവ് നോബിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. പൊലീസിന്‍റെ സംരക്ഷണത്തിലാണ് 3 ആംബുലൻസുകളിലായി മൃതദേഹങ്ങൾ നോബിയുടെ വീട്ടിലെത്തിച്ചത്.