പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ ഹണി ട്രാപ്പ് സംഘം ഇരയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ട് ഒരുമാസം. കൃത്യമായ ആസൂത്രണത്തിനൊടുവിൽ പലരെയും സമീപിച്ചെങ്കിലും ആരും കെണിയിൽപ്പെട്ടില്ല. കുടുംബ പ്രശ്നമാണെന്നും നേരിട്ടെത്തി പൂജയിലൂടെ പരിഹാരം കാണാൻ സാമ്പത്തികം എത്ര വേണമെങ്കിലും വിനിയോഗിക്കാമെന്നുമുള്ള വാഗ്ദാനത്തിലാണ് കൊല്ലങ്കോട്ടെ ജ്യോത്സ്യൻ കുടുങ്ങിയത്.
നിരവധി ക്രിമിനൽ കേസുകളിലും തട്ടിപ്പിലും പ്രതികളായ സ്ത്രീകൾ ഉൾപ്പെടെ പത്തംഗ സംഘം. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന ആലോചനയിലാണ് ഹണി ട്രാപ്പെന്ന തീരുമാനത്തിലെത്തിയത്. കൃത്യമായ രൂപരേഖ തയാറാക്കി സാമ്പത്തിക ഭദ്രതയുള്ള പലരെയും സമീപിച്ചു. പലരും പന്തികേടല്ലെന്ന് കണ്ട് ഒഴിഞ്ഞുമാറി. ഒരു ദിവസത്തെ പൂജയിലൂടെ ആയിരങ്ങൾ കയ്യിൽ വരുമെന്ന ചിന്തയാണ് കൊല്ലങ്കോട്ടെ ജോത്സ്യന് കെണിയായത്. കേസിലെ പ്രധാന പ്രതികളായ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചുള്ള സ്വദേശി പ്രതീഷ്, നല്ലേപ്പിള്ളി കുറ്റിപ്പള്ളം സ്വദേശി ജിതിൻ എന്നിവരുടേതായിരുന്നു കഥ, തിരക്കഥ, സംവിധാനം. കേസിൽ ഇരുവരെയും കൂടാതെ ഒരു സ്ത്രീ ഉൾപ്പെടെ ഒളിവിലുള്ള കൂടുതൽ പ്രതികൾ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.
കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനെയാണ് ബുധനാഴ്‌ച കല്ലാണ്ടിച്ചള്ളയിലെ വീട്ടിലെത്തിച്ച് കവർച്ച നടത്തിയത്. വീട്ടിലെത്തി പൂജ ചെയ്യുന്നതിനിടെ സംഘം ചേർന്ന് മർദിക്കുകയും വിവസ്ത്രനാക്കി സ്ത്രീയോടൊപ്പം ചേർത്ത് നിർത്തിയായിരുന്നു ഭീഷണി. മറ്റൊരു കേസിലെ പ്രതിയെ തേടി സ്ഥലത്ത് ചിറ്റൂർ പൊലീസ് എത്തിയതോടെയാണ് അക്രമിസംഘം ചിതറി ഓടിയത്. ഇതെത്തുടർന്നാണ് അക്രമി സംഘം എത്തിച്ച സ്ഥലത്ത് നിന്നും ജ്യോത്സ്യന് രക്ഷപ്പെട്ട് പൊലീസിനെ സമീപിക്കാനായത്. ആദ്യം പിടിയിലായ മഞ്ചേരി സ്വദേശിനിയും ഗൂഡല്ലൂരിൽ താമസക്കാരിയുമായ മൈമുന , നല്ലേപ്പിള്ളി സ്വദേശി ശ്രീജേഷ് എന്നിവരും റിമാൻഡിലാണ്.