വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ജയിലില്‍ നിന്നിറക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി മാതാവ് ഷെമി. മകന്റെ കൊലപാതക ശ്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് തുടർചികിത്സയിൽ കഴിയുന്ന ഷെമിയെ വെഞ്ഞാറമൂട് കുറ്റിമൂട് പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ എത്തിയവരോടാണ് തന്റെ മകനെ രക്ഷിക്കാൻ സഹായിക്കണം എന്നു ഷെമി അഭ്യർഥിച്ചത്.
അമ്പതിനായിരം രൂപ ബന്ധുവിനോട് ചോദിച്ചിട്ടും കടം കിട്ടാതെ വന്നതാണ് കൂട്ടക്കൊലയിലേക്ക് അഫാനെ നയിച്ചതെന്നും മൊഴി. പണത്തിനായി കേണപേക്ഷിച്ചിട്ടും
ബന്ധുക്കള്‍ അപമാനിച്ചെന്നും ഷെമീന പറയുന്നു. കൊലപാതകം നടന്ന ദിവസവും പണം കടമായി ചോദിച്ചിരുന്നു. ഇതിന് ശേഷമാണ് അഫാൻ തന്നെ ആക്രമിച്ചത്. കൂട്ട ആത്മഹത്യയെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഇളയ മകനോടൊപ്പം ആത്മഹത്യാ വീഡിയോകള്‍ കണ്ടിരുന്നുവെന്നും ഷെമീന പൊലീസിന് മൊഴിനല്‍കി.
കൂട്ടക്കൊലക്കേസിൽ പ്രതിയായ മകൻ അഫാനെ സംഭവത്തിനു ശേഷം പിതാവ് അബ്ദുൽ റഹീം ഇന്നലെയാണ് ആദ്യം കണ്ടത്. പേരുമലയിലെ തെളിവെടുപ്പിനിടെ അഫാനെ സ്റ്റേഷനിലേക്കു കൊണ്ടു പോകുന്നതിനിടെ 4 മീറ്റർ അകലെവച്ചാണ് പിതാവ് കണ്ടത്. ജംക‍്ഷനിൽ ഗതാഗതക്കുരുക്കിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിലായിരുന്നു അഫാൻ. കൂട്ടക്കൊല വിവരമറിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ അബ്ദുൽ റഹീം, മകനെ കാണാൻ താൽപര്യമില്ലെന്ന് നേരത്തേ പറഞ്ഞിരുന്നു. ഇന്നലെ മാധ്യമങ്ങൾ സമീപിച്ചപ്പോഴും മകനെ കാണാനോ അവന്റെ കാര്യങ്ങൾ അന്വേഷിക്കാനോ താൽപര്യമില്ലെന്ന മറുപടിയാണ് അബ്ദുൽ റഹിം ആവർത്തിച്ചത്.