സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ നഗ്നവീഡിയോകളുടെ ശേഖരമുണ്ടാക്കിയ വടകര സ്വദേശി സഹീം ഒടുവില്‍ പൊലീസ് പിടിയിലായി. ഇയാളുടെ ഡിജിറ്റല്‍ ശേഖരത്തിലുള്ള ചിത്രങ്ങളും ദൃശ്യങ്ങളും കണ്ട് പൊലീസും ഞെട്ടി.
സഹീമിന്‍റെ ഓപ്പറേഷനത്രയും ഇന്‍സ്റ്റഗ്രാം വഴിയാണ്. അതാകട്ടെ സ്വന്തം മുഖമള്ള അക്കൗണ്ടു വഴിയല്ലതാനും. സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുള്ള പെണ്‍കുട്ടികുടെ പ്രൊഫൈലില്‍ നിന്ന് ചിത്രങ്ങളെടുത്ത് വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് തട്ടിപ്പ്. ഈ അക്കൗണ്ടുകളില്‍ നിന്ന് ഇഷ്ടം തോന്നുന്നവരുമായി ചാറ്റ് ചെയ്യും. സൗഹൃദം സ്ഥാപിക്കും. അവരുടെ വിശ്വാസം ആര്‍ജിക്കും. ചതിയറിയാതെ സൗഹൃദ വലയത്തിലെത്തുന്നവരെ പലതരം ടാസ്കുകള്‍ നല്‍കിയാകും ചതിയുടെ തുടക്കം. പെണ്‍കുട്ടികളുടെ വിശ്വാസമേറുന്നതോടെ അവരുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും ആവശ്യപ്പെടും. വിശ്വാസത്തിന്‍റെ പുറത്ത് ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാത്തരെ ഭീഷണിപ്പെടുത്തും. ഇത്തരത്തില്‍ ഇയാളുടെ ചതിക്കുഴിയില്‍ അകപ്പെട്ട ഒട്ടേറെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ദൃശ്യങ്ങള്‍ സഹീമിന്‍റെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെത്തി.
ഒരേ സമയം പല അക്കൗണ്ടുകളില്‍ നിന്ന് ചാറ്റ് ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. പത്തിലധികം വ്യാജ അക്കൗണ്ടുകള്‍ ചേര്‍ന്നതാണ് സഹിമിന്‍റെ ചതിവല. മൂന്ന് വര്‍ഷമായി പ്രതി ഇത്തരത്തില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് പെണ്‍കുട്ടികളുടെ അശ്ലീല ദ്യശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ചതി മനസിലാക്കിയ പെണ്‍കുട്ടികളില്‍ ചിലരുടെ പരാതികള്‍ സൈബര്‍ പൊലീസില്‍ എത്തിയതോടെയാണ് സഹീമിനെ പൊലീസ് പിടികൂടിയത്. വടകര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വിശദമായ അന്വേഷണത്തിനു വേണ്ടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സഹീമിന‍്‍ പിന്നില്‍ മറ്റു സംഘങ്ങളുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.