കൊല്ലത്ത് കോളജ് വിദ്യാർത്ഥികൾക്ക് വില്‍ക്കാനായി കൊണ്ടുവന്ന മാരക ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍. ഉറക്കം ഇല്ലായ്മയ്ക്ക് ഉപയോഗിക്കുന്ന 27.148 ഗ്രാം നൈട്രെസെപ്പാം, 380 ടൈഡോൾ ടാബ്ലെറ്റ് എന്നിവയാണ് പിടിച്ചെടുത്തത്. കൊല്ലം ഉദയമാർത്താണ്ഡപുരം പുതുവൽ പുരയിടത്തിൽ രാജീവാണ് (39) അറസ്റ്റിലായത്.
ഉറക്കക്കുറവുള്ളവര്‍ക്ക് കഴിക്കാനായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഗുളികയാണ് നൈട്രാസെപാം. ക്യാൻസർ ചികിത്സകൾക്കും, അസഹനീയമായ വേദനകൾക്കും ഉപയോഗിക്കുന്നതാണ് ടൈഡോൾ. ലഹരി കിട്ടാനായി ഈ ഗുളികകൾ വെള്ളത്തിൽ ലയിപ്പിച്ച്, പഞ്ഞിയിൽ മുക്കി, സിറിഞ്ചിൽ നിറച്ചാണ് ശരീരത്തിൽ കുത്തിവയ്ക്കുന്നത്.
രാജീവിനെ പൊലീസ് പിടിച്ച സമയം, ഫോണിലേക്ക് നിരന്തരം ആവശ്യക്കാർ വിളിക്കുകയായിരുന്നു,. ഏറ്റവും ഞെട്ടിക്കുന്ന വിവരം ഫോണ്‍കോളില്‍ കൂടുതലും വിദ്യാർത്ഥികളായിരുന്നു എന്നതാണ്. വാട്സ്ആപ്പ് വഴിയാണ് വിദ്യാര്‍ഥികള്‍ ഇയാളുമായി ആശയവിനിമയം നടത്തിയിരുന്നത്.
ഗുളിക ഒന്നിന് രണ്ട് രൂപയിൽ താഴെ മാത്രമാണ് വില. എന്നാല്‍ ഇയാൾ വിദ്യാര്‍ഥികളില്‍ നിന്നും വാങ്ങിയിരുന്നത് 900 രൂപ വരെയാണ്. പ്രതിക്ക് ഗുളികകൾ എത്തിച്ചവരെക്കുറിച്ച് വിവരം ലഭിച്ചതായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കർ അറിയിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷഹാലുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കുടുക്കിയത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി എക്സൈസ് കൊല്ലം റേഞ്ച് ഓഫീസ് നടത്തിയ പരിശോധനയിലാണ് മാരക ലഹരി ഗുളികകള്‍ കണ്ടെത്തിയത്.