മോഷണം നടത്താൻ തിരഞ്ഞെടുക്കുന്ന വീടുകളുടെ പരിസരത്ത് കറങ്ങി നടന്ന ശേഷം, പുലർച്ചെ വീട്ടുടമ മോര്‍ണിങ് വാക്കിന് പോകുമ്പോൾ വീട്ടിൽ കയറി മോഷണം നടത്തുന്ന വിരുതന്‍ പിടിയില്‍. കൊല്ലം എഴുകോണില്‍ പരക്കെ മോഷണം നടത്തിയ കണ്ണൂർ തളിപ്പറമ്പ് ഇരിക്കൂർ പട്ടുവം ഗ്രാമത്തിൽ ദാറുൽ ഫലാഹിൽ ഇസ്മായിലാണ് (33) അറസ്റ്റിലായത്.
മാസങ്ങൾക്ക് മുൻപ് എഴുകോൺ അമ്പലത്തുംകാലയിൽ വ്യാപക മോഷണം നടത്തിയ ആളാണ് പ്രതി. ഇയാളെ പാലക്കാട്ടെ ഒരു ലോഡ്ജിൽ നിന്നാണ് പിടികൂടിയത്.കഴിഞ്ഞ 15ന് എഴുകോൺ അമ്പലത്തുംകാല, പനച്ചവിള പുത്തൻവീട്ടിൽ, വി. തങ്കച്ചൻ, കോളന്നൂർ രജനി ഭവനത്തിൽ രഞ്ജിത്ത്, ശ്രീ ശൈലത്തിൽ രാജേന്ദ്രൻ എന്നിവരുടെ വീടുകളിൽ ഇയാള്‍ മോഷണം നടത്തിയിരുന്നു.
ഈ കേസുകളിൽ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്. മോര്‍ണിങ് വാക്ക് സമയത്തെ കവര്‍ച്ചയില്‍, വിവിധ പൊലീസ് സ്റ്റേഷനുകളിലായി 18ൽ പരം കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃത്താല, കളമശ്ശേരി, പുനലൂർ, പത്തനാപുരം, ഫോർട്ട് കൊച്ചി, പൂജപ്പുര, ഇളമക്കര, ധർമ്മടം തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. കൊല്ലം റൂറൽ എസ്.പി കെ.എം. സാബു മാത്യുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.