കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 22കാരന് 61 വർഷം കഠിന തടവ് വിധിച്ച് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കൊല്ലം കടയ്ക്കൽ ഇടത്തറ തോട്ടത്തുവിള വീട്ടിൽ നീരജിനാണ് (അമ്പു-22 വയസ്) 61 വർഷം കഠിന തടവും 67,500 രൂപ പിഴയും ശിക്ഷ ലഭിച്ചത്.
കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് അഞ്ജു മീര ബിർലയാണ് വിധി പുറപ്പെടുവിച്ചത്. 2022 ജൂൺ മാസം 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി ആരുമറിയാതെ ഏഴാം ക്ലാസുകാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി, കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് പുറമേ നീരജ് ഏഴാം ക്ലാസുകാരിയുടെ അശ്ലീല ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പീഡന വിവരം പുറത്തു പറഞ്ഞാൽ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കടയ്ക്കൽ ഐ.എസ്.എച്ച്.ഒ പി.എസ്. രാജേഷാണ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.