തിരുവനന്തപുരത്തെ ഐ.ബി ഉദ്യോഗസ്ഥ മേഘ ട്രയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതിന്‍റെ കാരണം തേടുകയാണ് പൊലീസ്. മറ്റൊരു ഐ.ബി ഉദ്യോഗസ്ഥനായ മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷുമായുള്ള പ്രണയബന്ധം തകര്‍ന്നതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം ശക്തമാകുന്നത്. ഇതിനേക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് പൊലീസ് മേഘയുടെ അവസാന നിമിഷങ്ങളില്‍ സംഭവിച്ചതെന്താണെന്ന് അന്വേഷിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ സെക്യൂരിറ്റി അസിസ്റ്റന്‍റായ മേഘ മരണത്തിന്‍റെ തലേദിവസം, അതായത് മാര്‍ച്ച് 23ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു. രാജ്യാന്തര ടെര്‍മിനലിലെ ഡിപ്പാര്‍ച്ചര്‍ ഗേറ്റിലാണ് ജോലി നോക്കിയത്. വൈകിട്ട് ആറ് മണിക്ക് ഡ്യൂട്ടി തുടങ്ങി. 9ന് ഭക്ഷണം കഴിക്കാന്‍ പോയ സമയം മേഘ പെട്ടന്ന് പൊട്ടിക്കരഞ്ഞെന്നാണ് സഹപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞത്. കരയാന്‍ കാരണമെന്താണെന്ന് ചോദിച്ചിട്ട് കൃത്യമായ മറുപടിയൊന്നും പറഞ്ഞില്ല. പിന്നീട് കുറച്ച് നേരം റെസ്റ്റ് റൂമില്‍ വിശ്രമിച്ച ശേഷം വീണ്ടും ജോലി തുടര്‍ന്നു. രാത്രി മുഴുവന്‍ ദുഖിതയായാണ് കാണപ്പെട്ടതെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
രാവിലെ 7 മണിയോടെയാണ് ജോലി കഴിഞ്ഞത്. ആ സമയം പതിവ് പോലെ അമ്മയെ വിളിച്ചു. ഭക്ഷണം കഴിക്കാന്‍ പോകുവാണെന്നും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകുന്നതായുമുള്ള പതിവ് സംസാരം മാത്രമായിരുന്നു ആ ഫോണ്‍ വിളിയില്‍. രാത്രിയിലെ വിഷമത്തേക്കുറിച്ചൊന്നും പറഞ്ഞില്ലെന്നാണ് അമ്മ പറയുന്നത്. വെറും 62 സെക്കന്‍റുകൊണ്ട് ആ ഫോണ്‍ വിളി അവസാനിച്ചു.
അതിന് ശേഷമാണ് ചാക്കയിലെ റയില്‍വേ ട്രാക്ക് ലക്ഷ്യമിട്ട് നടന്ന് തുടങ്ങിയത്. ഇതിനിടെ 4 തവണ സുകാന്തും മേഘയും തമ്മില്‍ സംസാരിച്ചിട്ടുണ്ട്. എല്ലാ വിളികളും 25 സെക്കന്‍റില്‍ താഴെ മാത്രമാണ്. അവസാനത്തെ കോള്‍ 8 സെക്കന്‍റും. ഇത്രയും കുറഞ്ഞ സമയം കൊണ്ട് സംസാരിച്ചത് എന്താണ്? മേഘയാണോ സുകാന്താണോ ഫോണ്‍ വിളികള്‍ കട്ട് ചെയ്തത്? 8 സെക്കന്‍റ് മാത്രം നീണ്ട അവസാനത്തെ ആ ഫോണ്‍ വിളിയില്‍ സംസാരിച്ചതെന്ത്? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളില്‍ മേഘയുടെ ആത്മഹത്യയുടെ കാരണവും ഒളിഞ്ഞിരിപ്പുണ്ടാകും.