കുംഭമേളയിലെ വൈറല്‍ താരം മൊണാലിസയെ നായികയാക്കി സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച സംവിധായകന്‍ ബലാല്‍സംഗക്കേസില്‍ അറസ്റ്റില്‍. ഹിന്ദി സിനിമാ സംവിധായകനായ സനോജ് കുമാർ മിശ്രയാണ് (45) ഡല്‍ഹി പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തളളിയിരുന്നു. പത്തിലേറെ സിനിമകള്‍ സംവിധാനം ചെയ്ത സനോജ് കുമാർ മിശ്ര കുടുംബത്തോടൊപ്പം മുംബൈയിലായിരുന്നു താമസം.
2021 ജൂൺ 18ന് ഒരു റിസോർട്ടിൽ വച്ച് ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. 2020ല്‍ സോഷ്യൽ മീഡിയയിലൂടെയാണ് സനോജ് പരാതിക്കാരിയെ പരിചയപ്പെട്ടത്. ലഹരി നല്‍കി മയക്കിയശേഷം സനോജ് നഗ്ന ചിത്രങ്ങളും വീഡിയോകളും എടുത്തിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
റിസോര്‍ട്ടിലെ സംഭവത്തിന് ശേഷം, സിനിമയിൽ മികച്ച അവസരങ്ങള്‍ നല്‍കാമെന്നും, വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് സനോജ് യുവതിയുമായി വീണ്ടും സൗഹൃദത്തിലായി. പിന്നീട് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും മൂന്നുതവണ ഗർഭഛിദ്രം നടത്തിയെന്നുമാണ് പരാതി. ലിവ്–ഇന്‍ റിലേഷന്‍ഷിപ് തുടങ്ങാമെന്നും സനോജ് യുവതിയോട് പറഞ്ഞിരുന്നു.
തര്‍ക്കങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞമാസം ഇരുവരും വേർപിരിഞ്ഞു. പൊലീസിനെ സമീപിച്ചാല്‍ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് സംവിധായകന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവതി പറയുന്നു. ലൈംഗിക പീഡനം, ഗർഭം അലസിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് സനോജ് കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയെ ഗർഭഛിദ്രം നടത്തിയതിന്‍റെ മെഡിക്കൽ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.